വയനാട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റ് പ്രവർത്തനം നിലച്ചു

Tuesday 04 November 2025 2:28 AM IST
വയനാട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവർത്തനം നിലച്ച ലിഫ്റ്റ്

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റ് പ്രവർത്തനം നിലച്ചിട്ട് ദിവസങ്ങളാകുന്നു. ഇതോടെ അടിയന്തര ഘട്ടങ്ങളിൽ ചികിത്സക്കായി എത്തുന്ന രോഗികൾ ദുരിതത്തിലായിരിക്കുകയാണ്. അപകടങ്ങളിൽ പരിക്കേൽക്കുന്നവരും അടിയന്തിര ചികിത്സ തേടി എത്തുന്നവരുമായി, ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന വയനാട് മെഡിക്കൽ കോളേജിലാണ് ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചത്. അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി എത്തുന്ന രോഗികളെ മുകൾ നിലയിലെ മെഡിക്കൽ ഐ.സി.യുവിലേക്കും, താഴത്തെ നിലയിലെ എക്സ് റേ, സ്‌ക്കാനിംഗ് എന്നിവിടങ്ങളിലേക്ക് ലിഫ്റ്റ് സംവിധാനം വഴിയായിരുന്നു എത്തിച്ചിരുന്നത്. ലിഫ്റ്റ് പ്രവർത്തനരഹിതമായതോടെ റാമ്പ് വഴിയാണ് രോഗികളെ എത്തിച്ചുകൊണ്ടിരിക്കുന്നത്. ഇത് രോഗികൾക്കും ജീവനക്കാർക്കും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണ്. കാല പഴക്കത്തെ തുടർന്നാണ് ലിഫ്റ്റുകൾ പ്രവർത്തന രഹിതമായതെന്നാണ് അറിയാൻ കഴിഞ്ഞിത്. മുമ്പും ആശുപത്രിയിലെ മറ്റ് ഭാഗങ്ങളിലെ ലിഫ്റ്റും പ്രവർത്തനരഹിതമായിരുന്നു.