കട ഉടമയെ മർദ്ദിച്ച പ്രതികൾ അറസ്റ്റിൽ

Tuesday 04 November 2025 12:23 AM IST

വിഴിഞ്ഞം: കടയിൽ അതിക്രമിച്ച് കയറി കടയുടമയെ കമ്പി കൊണ്ട് അടിച്ച് പരിക്കേല്പിച്ച കേസിൽ സഹോദരങ്ങൾ ഉൾപ്പെടെ 3 പേർ പിടിയിൽ. വെങ്ങാനൂർ വെണ്ണിയൂർ നെടിഞ്ഞൽ ചരുവിള വീട്ടിൽ അജിൻ(23), അഖിൽ (24), കാട്ടുകുളം അനഘ നിവാസിൽ അജയ്(24,ശ്രീ കുട്ടൻ) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. കഴിഞ്ഞ 28ന് പ്രതികൾ കടയുടെ മുന്നിലെത്തി അസഭ്യം പറഞ്ഞതും ബഹളം വച്ചതും ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 4ഓടെ പ്രതികൾ കാറിലെത്തി കടയിൽ അതിക്രമിച്ചുകയറി കടയുടമയെ ആക്രമിച്ചതും വലതു കൈയിൽ കമ്പി കൊണ്ട് അടിച്ച് പരിക്കേല്പിച്ചതെന്നും പൊലീസ് പറഞ്ഞു. കടയിലെ കസേരയും പലകകളും അടിച്ചു തകർത്തു. വിഴിഞ്ഞം എസ്.എച്ച്.ഒ സുനിൽ ഗോപിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രശാന്ത്, യേശുദാസ്, എസ്.സി.പി.ഒ വിനയകുമാർ,സി.പി.ഒ റെജിൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.