ഐ.എം. വിജയൻ സ്റ്റേഡിയം ഉദ്ഘാടനം: ഇനി കളി വേറെ ലെവൽ

Tuesday 04 November 2025 12:30 AM IST

ഓരോ പഞ്ചായത്തിലും സ്റ്റേഡിയം: മന്ത്രി വി.അബ്ദുറഹ്മാൻ

തൃശൂർ: ഓരോ പഞ്ചായത്തിലും ഓരോ സ്‌റ്റേഡിയമെന്ന സ്വപ്‌നം സർക്കാർ പ്രാവർത്തികമാക്കുമെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. ലാലൂരിൽ ഐ.എം. വിജയൻ സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ പഞ്ചായത്തുകളിലും സ്വന്തമായി സ്റ്റേഡിയമുള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും. 369 സ്റ്റേഡിയങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചു. 169 സ്റ്റേഡിയങ്ങളുടെ നിർമ്മാണം നടക്കുന്നുണ്ട്. മറ്റ് പഞ്ചായത്തുകളിലും ഇത്തരത്തിൽ സ്റ്റേഡിയങ്ങൾ നിർമ്മിക്കാനാണ് സർക്കാർ പദ്ധതി. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ഇടത് സർക്കാർ 3400 കോടി രൂപയാണ് കായിക വികസനത്തിനായി ചെലവഴിച്ചത്. രാജ്യത്ത് ആദ്യമായി സ്‌പോർട്‌സ് നയമുണ്ടാക്കിയതും കേരളമാണ്. ഐ.എം. വിജയൻ സ്‌റ്റേഡിയത്തിന്റെ ഭൂമിയുടെ അവകാശം കോർപറേഷനാണെങ്കിലും പരിശീലനങ്ങളും കളികളുമൊക്കെ സ്‌പോർട്‌സ് കൗൺസിലിന്റെ മേൽനോട്ടത്തിലായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജൻ, ഡോ.ആർ. ബിന്ദു, എം.എൽ.എമാരായ എ.സി. മൊയ്തീൻ, പി. ബാലചന്ദ്രൻ, യൂത്ത് അഫയേഴ്‌സ് ഡയറക്ടർ വിഷ്ണുരാജ്, കളക്ടർ അർജുൻ പാണ്ഡ്യൻ, ഹിരൺ ദാസ് മുരളി(വേടൻ), ഐ.എം.വിജയൻ, ഡെപ്യൂട്ടി മേയർ എം.എൽ.റോസി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. ഷാജൻ, വർഗീസ് കണ്ടംകുളത്തി തുടങ്ങിയവർ പങ്കെടുത്തു. മാലിന്യ കുന്നായി കിടന്ന ലാലൂരിലെ 28 ഏക്കർ സ്ഥലമാണ് കായിക ഭൂമികയായി മാറ്റിയത്.

വലിയ അവാർഡ്: ഐ.എം. വിജയൻ

ഇതുവരെ കിട്ടിയതിലും വച്ച് ഏറ്റവും വലിയ അവാർഡാണ് തന്റെ പേരിൽ ഒരു സ്റ്റേഡിയം തന്നെ ഉദ്ഘാടനം ചെയ്യപ്പെട്ടതിലൂടെ ലഭിച്ചതെന്ന് ഐ.എം. വിജയൻ. ഇന്ത്യയിൽ തന്നേക്കാൾ മികച്ച വലിയ കളിക്കാർ ഉണ്ടായിട്ടുണ്ട്. എന്നാൽ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇങ്ങനെ ഒരു അംഗീകാരം ലഭിക്കുകയെന്നത് വലിയ അഭിമാനമാണ്. 1986ൽ കേരള പൊലീസ് ടീമിൽ എടുത്തത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനും ഡി.ജി.പി എം.കെ. ജോസഫുമാണ്. ഇവരോടുള്ള കടപ്പാട് എന്നും മനസിൽ സൂക്ഷിക്കും. കുപ്പയിൽ നിന്നുള്ള മാണിക്യമെന്നത് അന്വർഥമാക്കുന്ന രീതിയിലാണ് മാലിന്യ കൂമ്പാരമായിരുന്ന ലാലൂരിൽ രാജ്യാന്തര സ്റ്റേഡിയം തന്റെ പേരിൽ ഉയർന്നിരിക്കുന്നത്. അതിന് ഈ സർക്കാരിനോടും പ്രത്യേകം നന്ദിയുണ്ടെന്നും ഐ.എം.വിജയൻ പറഞ്ഞു.

പാട്ടുപാടി ആദരമർപ്പിച്ച് വേടൻ

തൃശൂർ: ഫുട്ബാൾ കളിയെക്കുറിച്ച് എഴുതിയ പാട്ടു പാടി സദസിനെ ഇളക്കിയാണ് വേടൻ ഐ.എം. വിജയൻ സ്റ്റേഡിയം ഉദ്ഘാടന ചടങ്ങിൽ ശ്രദ്ധേയനായത്. രണ്ട് സന്തോഷങ്ങൾക്കിടയിലാണ് താൻ നിൽക്കുന്നതെന്ന് ആമുഖത്തിൽ വേടൻ പറഞ്ഞു. ഗാനരചയിതാവിനുള്ള അവാർഡ് കിട്ടിയ സന്തോഷത്തിനൊപ്പം ഐ.എം. വിജയന്റെ പേരിൽ സ്റ്റേഡിയമുയർന്നതിന്റെ സന്തോഷവുമുണ്ട്.

ഉത്സവോദ്ഘാടനം

ഒരു നാടിനെ മുഴുവൻ ഉത്സവമാക്കി സ്റ്റേഡിയം ഉദ്ഘാടന ചടങ്ങ്. ഡാൻസും കളരിയും വീരനാട്യവും കരാട്ടെയുമൊക്കെയായി ലാലൂർ ദേശം ആവേശത്തിലായിരുന്നു. വൈകീട്ട് നാലു മുതൽ വിവിധ കായിക രംഗത്ത് മികവ് നേടിയവരെ ആദരിക്കുന്ന ചടങ്ങ് ആരംഭിച്ചു. മുൻ മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. തൃശൂരുകാരായ വിക്ടർ മഞ്ഞില, ജോപോൾ അഞ്ചേരി, സോളി സേവ്യർ, ചെസിലെ നിഹാൽ സരിൻ, എൻ.ആർ. അനിൽകുമാർ തുടങ്ങി വിവിധ മേഖലകളിലുള്ളവരെ ആദരിച്ചു.