വാഹനം വഴിയിലിട്ടാൽ പിടികൂടാൻ എ.ഐ ക്യാമറ

Tuesday 04 November 2025 12:31 AM IST

തൃശൂർ: നഗരത്തിൽ റോഡിന്റെ വശങ്ങളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരെ പിടികൂടാൻ സജീവമായി എ.ഐ ക്യാമറ. പാട്ടുരായ്ക്കലിൽ നിന്ന് ദേവമാത സ്‌കൂളിലേക്ക് പോകുന്ന വഴിയിലും പടിഞ്ഞാറേ കോട്ടയിൽ നിന്ന് പോകുന്ന സിവിൽ ലൈൻ റോഡിലുമാണ് എ.ഐ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. പിഴ ഈടാക്കാൻ ആരുമില്ലെന്ന് കരുതി റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്ത് കടകളിലേക്കോ മറ്റാവശ്യങ്ങൾക്കോ പോകുന്നവരുടെ മൊബൈൽ ഫോണിലേക്ക് പിഴ അടയ്ക്കാനുള്ള നോട്ടീസ് ഉടൻ എത്തും. മോട്ടോർ വാഹനവകുപ്പിന്റെ മേൽനോട്ടത്തിലാണ് ക്യാമറ നിരീക്ഷണം. ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന ബോർഡുകൾ ഈ ഭാഗങ്ങളിലുണ്ട്. എന്നാൽ അധികം പേരും ഇത് ശ്രദ്ധിച്ചിട്ടില്ല. ആദ്യ തവണ പിടികൂടിയാൽ 250 രൂപയാണ് പിഴ അടയ്‌ക്കേണ്ടി വരിക. ആവർത്തിച്ചാൽ 500 രൂപയാണ് പിഴ. പല തവണ പിടികൂടിയാൽ വൻ തുകയ്ക്ക് പുറമേ നടപടിയും നേരിടേണ്ടി വരുമെന്ന് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഇൻസ്‌പെക്ടർ പി.വി.ബിജു വ്യക്തമാക്കി.