ആദ്യ ഘട്ട വോട്ടെടുപ്പ് 6ന് , ബീഹാറിൽ പരസ്യ പ്രചാരണം ഇന്നു കൂടി

Tuesday 04 November 2025 12:41 AM IST

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആറിന് നടക്കുന്ന ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വിവിധ രാഷ്ട്രീയ പാർട്ടികൾ സമുന്നത നേതാക്കളെ എത്തിച്ച് പ്രചാരണം കൊഴിപ്പിക്കുകയാണ്. 18 ജില്ലകളിൽ പടർന്ന് കിടക്കുന്ന 121 മണ്ഡലങ്ങളിലെ 1314 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു.

എൻ.ഡി.എയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി,കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,നിതീഷ് കുമാർ അടക്കമുള്ളവർ പ്രചാരണം നയിച്ചപ്പോൾ മഹാ മുന്നണി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി,പ്രിയങ്കാ ഗാന്ധി,മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് എന്നിവരെയും രംഗത്തിറക്കി. ഘടകക്ഷികളായ സി.പി.എമ്മും സി.പി.ഐ പാർട്ടികൾക്കായി ദേശീയ നേതാക്കളും എത്തി. എൻ.ഡി.എ സ്‌ത്രീകൾക്കായി നടപ്പാക്കിയ 10,000 രൂപ വായ്‌പ പദ്ധതിയെ ചെറുക്കാൻ മഹാസഖ്യം കുടുംബത്തിൽ ഒരു ജോലി വാഗ്‌ദാനം ചെയ്യുന്നു. ആർ.ജെ.ഡിയുടെ കാട്ടുഭരണം തിരിച്ചു വരുന്നത് ചെറുക്കണമെന്ന എൻ.ഡി.എ പ്രചാരണത്തെ മഹാസഖ്യം ചെറുക്കുന്നത് മൊക്കാമയിലെ വെടിവയ്‌പ് ചൂണ്ടിക്കാട്ടി.

ജനവിധി

തേടുന്ന പ്രമുഖർ

ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി,വിജയ് കുമാർ സിൻഹ,മന്ത്രിമാരായ വിജയ് കുമാർ ചൗധരി,ശ്രാവൺ കുമാർ,മംഗൾ പാണ്ഡെ,മദൻ സാഹ്‌നി,നിതിൻ നവീൻ,മഹേശ്വർ ഹസാരി,സുനിൽ കുമാർ,രത്‌നേഷ് സദ, കേദാർ പ്രസാദ് ഗുപ്ത,സുരേന്ദ്ര മേത്ത,സഞ്ജയ് സരോഗി,ഡോ. സുനിൽ കുമാർ,ജീവേഷ് കുമാർ,രാജു കുമാർ സിംഗ്,നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ബീഹാർ യൻ കുമാർ മന്തു.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്,അവധ് ബിഹാരി ചൗധരി,ഡോ. രാമാനന്ദ് യാദവ്,വീണാദേവി,ലളിത് കുമാർ യാദവ്,വിജേന്ദ്ര ചൗധരി,രേണു കുഷ്‌വാഹ,സി.പി.എമ്മിന്റെ സിറ്റിംഗ് എം.എൽ.എമാരായ അജയ് കുമാർ,ഡോ. സത്യേന്ദ്ര യാദവ്, സി.പി.ഐയുടെ സൂര്യകാന്ത് പാസ്വാൻ.

തേജസ്വി യാദവിന്റെ സഹോദരൻ തേജ് പ്രതാപ് യാദവ് ജനശക്തി ജനതാദൾ സ്ഥാനാർത്ഥിയായി മഹുവയിൽ ജനവിധി തേടുന്നു.