പ്രതിഭകളെ സൃഷ്ടിക്കുന്നതാവണം വിദ്യാഭ്യാസം : ഉപ രാഷ്ട്രപതി

Tuesday 04 November 2025 2:45 AM IST

കൊല്ലം∙ പ്രതിഭകളെ സൃഷ്ടിക്കുന്ന തരത്തിൽ വിദ്യാഭ്യാസ പ്രക്രിയ മാറണമെന്ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

.സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയാഘോഷിക്കുന്ന 2047ൽ വികസിത ഭാരതമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയൂ. വികസിത കേരളമെന്ന സ്വപ്നത്തിലേക്കും കുതിക്കാനാകണം. ഉത്തരവാദിത്തമുള്ള പൗരന്മാരെ സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അതിലൂടെ സമൂഹവും രാജ്യവും അഭിവൃദ്ധിയുടെ പാതയിലെത്തും. വിദ്യയാണ് സ്വഭാവ നിർമാണത്തിന്റെ അടിത്തറ. വിദ്യ ആർക്കും അപഹരിക്കാനാകാത്ത സമ്പത്താണ്. പണമുണ്ടെങ്കിലും വിദ്യാഭ്യാസമില്ലെങ്കിൽ യഥാർഥ മൂല്യമുണ്ടാകില്ല. അറിവും കഴിവുകളുമാണ് വ്യക്തിയെയും രാജ്യത്തെയും മുന്നോട്ട് നയിക്കുന്നത്. ചിന്താശേഷിയുള്ള ശാസ്ത്രജ്ഞരെയും കരുണയുള്ള ഭരണാധികാരികളെയും ദീർഘ ദൃഷ്ടിയുള്ള നേതാക്കളെയും സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.

പഠന കാലത്ത് മാത്രമല്ല, ടൈം ടേബിൾ ജീവിതാവസാനം വരെ സൂക്ഷിക്കണം.

മയക്കുമരുന്ന് ഉൾപ്പടെയുള്ള വിപത്തുകളിൽ നിന്ന് അകന്ന് നിൽക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

തൊഴിൽ തേടുന്നവരേക്കാൾ തൊഴിൽ ദാതാക്കളെ സൃഷ്ടിക്കുന്ന തലത്തിലേക്ക് വിദ്യാഭ്യാസ പ്രക്രീയ ഉയരണമെന്ന് മുഖ്യപ്രഭാഷണത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. കൊല്ലം രൂപത ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രി കെ.എൻ.ബാലഗോപാൽ, പ്രിൻസിപ്പൽ ഡോ. സിന്ധ്യ കാതറിൻ, മാനേജർ റവ. ഡോ. അഭിലാഷ് ഗ്രിഗറി എന്നിവർ സംസാരിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 2.30ന് ആശ്രാമം മൈതാനത്തെ ഹെലിപാഡിൽ ഇറങ്ങിയ ഉപരാഷ്ട്രപതിയെ എം.മുകേഷ് എം.എൽ.എ, മേയർ ഹണി ബഞ്ചമിൻ, കളക്ടർ എൻ.ദേവിദാസ്, കമ്മിഷണർ കിരൺ നാരായണൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഗവർണർ അർലേക്കർ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രി ബാലഗോപാൽ എന്നിവരും ഹെലികോപ്ടറിൽ ഒപ്പമുണ്ടായിരുന്നു. വൈകിട്ട് 5ന് തിരുവനന്തപുരത്തേക്ക് മടങ്ങി.