കോളേജ് വിദ്യാർത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം; പ്രതികളെ ഏറ്റുമുട്ടലിലൂടെ പിടികൂടി പൊലീസ്

Tuesday 04 November 2025 8:47 AM IST

ചെന്നൈ: തമിഴ്നാട്ടിൽ കോളേജ് വിദ്യാർത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പീലമേടിനടുത്തുളള സ്വകാര്യ കോളേജിലെ എംബിഎ വിദ്യാർത്ഥിനിയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ പീഡനത്തിനിരയായത്. സംഭവത്തിൽ തവാസി, കാർത്തിക്, കാളീശ്വരൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്നുപുലർച്ചെ പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് ഇവർ പിടിയിലായത്. കാലുകളിൽ വെടിയേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിന് സമീപം വൃന്ദാവൻ നഗറിൽ സുഹൃത്തുമായി കാറിൽ സംസാരിച്ചിരിക്കുകയായിരുന്നു പെൺകുട്ടി. ഈ സമയത്താണ് ബൈക്കിലെത്തിയവർ യുവാവിനെ അരിവാൾ കൊണ്ട് വെട്ടിയശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചശേഷം കടന്നുകളയുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ സുഹൃത്ത് പൊലീസിൽ വിവരം അറിയിച്ചതാണ് നിർണായകമായത്.

വിമാനത്താവളത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കോളേജിനുപിന്നിലെ ഒറ്റപ്പെട്ട സ്ഥലത്തുനിന്നാണ് നഗ്നയായ നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. കോവിൽപാളയത്തിന് സമീപത്തുനിന്ന് ഇരുചക്ര വാഹനം മോഷ്ടിച്ചാണ് പ്രതികൾ സംഭവസ്ഥലത്ത് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇവരെ പിടികൂടാൻ ഏഴ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്.

സംഭവത്തിൽ ഡിഎംകെ സർക്കാരിനെ വിമർശിച്ച് ബിജെപി നേതാവ് കെ അണ്ണാമലൈ രംഗത്തെത്തിയിരുന്നു. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഈ സംഭവത്തിലൂടെ പ്രതിഫലിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പെൺകുട്ടി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അണ്ണാമലൈ എക്സ് പോസ്റ്റിൽ കുറിച്ചിരുന്നു.