വിമാനയാത്രക്കാർക്ക് സന്തോഷവാർത്ത; പുതിയ മാറ്റങ്ങൾ ഉടൻ നിലവിൽ വരും

Tuesday 04 November 2025 12:14 PM IST

ന്യൂഡൽഹി: ബുക്കിംഗ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ അധികചാർജുകൾ ഈടാക്കാതെ വിമാനടിക്കറ്റുകൾ റദ്ദാക്കാനും ഭേദഗതി ചെയ്യാനും അവസരമൊരുങ്ങുന്നു. ഡയറക്ട്രേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷന്റേതാണ് (ഡിജിസിഎ) നിർദ്ദേശം. സിവിൽ ഏവിയേഷൻ ആവശ്യകതകളുടെ (സിഎആ‌ർ) കരടിലാണ് ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട പുതിയ നിർദ്ദേശങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളും സംശയങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾ നിർദ്ദേശിച്ചിരിക്കുന്നത്.

ഡിജിസിഎയുടെ നിർദ്ദേശമനുസരിച്ച് ട്രാവൽ ഏജന്റുമാർ മുഖേന ടിക്കറ്റ് ബുക്ക് ചെയ്യുന്ന അവസരങ്ങളിൽ റീഫണ്ടിന്റെ ഉത്തരവാദിത്തം എയർലൈനുകൾക്കായിരിക്കും. കാരണം, ഏജന്റുമാർ എയർലൈനുകളുടെ പ്രതിനിധികളായാണ് പ്രവർത്തിക്കുന്നത്. അത്തരം അവസരങ്ങളിൽ 21 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഉപഭോക്താവിന് മുഴുവൻ പണവും തിരികെ നൽകിയെന്ന് എയർലൈനുകൾ ഉറപ്പ് വരുത്തണമെന്നും സിവിൽ ഏവിയേഷൻ ആവശ്യകതകളുടെ കരടിൽ നിർദ്ദേശിക്കുന്നു.

ബുക്കിംഗ് നടത്തി 24 മണിക്കൂറിനുള്ളിൽ ബുക്കിംഗിൽ തെറ്റ് ചൂണ്ടിക്കാണിച്ചാൽ എയർലൈനുകൾ അത് തിരുത്താനായി അധിക ചാർജുകൾ യാത്രക്കാരനിൽ നിന്ന് ഈടാക്കാൻ പാടില്ലെന്ന് കരടിൽ പറയുന്നു. ഡിസിജിഎയുടെ പുതിയ നിർദ്ദേശങ്ങൾ പ്രകാരം ടിക്കറ്റ്‌ ബുക്ക് ചെയ്‌ത് 48 മണിക്കൂർ നേരത്തേക്ക് യാത്രക്കാരന് 'ലുക്ക്- ഇൻ- ഓപ്ഷൻ' ലഭ്യമാക്കണം. ഈ കാലയളവിൽ ടിക്കറ്റ് ഭേദഗതി ചെയ്യുമ്പോൾ പുതുക്കിയ വിമാനത്തിന്റെ സാധാരണ നിരക്ക് ഒഴികെ യാത്രക്കാർക്ക് അധിക ചാർജുകളൊന്നുമില്ലാതെ ടിക്കറ്റ് റദ്ദാക്കാനോ ഭേദഗതി ചെയ്യാനോ കഴിയും.

എയർലൈൻ വെബ്‌സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പുറപ്പെടാൻ 5 ദിവസം മാത്രം അവശേഷിക്കുന്ന ആഭ്യന്തരവിമാനങ്ങൾക്കും 15 ദിവസം മാത്രം അവശേഷിക്കുന്ന അന്താരാഷ്‌ട്ര വിമാനങ്ങൾക്കും ഈ സൗകര്യം ലഭ്യമാകില്ലെന്നും ഡിജിസിഎ പറയുന്നു.

ബുക്ക് ചെയ്‌ത് 48 മണിക്കൂറിനു ശേഷം ഈ ഓപ്ഷൻ ലഭ്യമാകില്ല, അതിനുശേഷമുള്ള ഭേദഗതിക്കായി യാത്രക്കാരൻ പ്രത്യേക ഫീസ് അടയ്‌ക്കേണ്ടി വരും. മെഡിക്കൽ അടിയന്തരാവസ്ഥകൾ കാരണം യാത്രക്കാരൻ ടിക്കറ്റ് റദ്ദാക്കിയാൽ വിമാനക്കമ്പനികൾക്ക് ടിക്കറ്റുകൾ തിരികെ നൽകുകയോ ക്രെഡിറ്റ് ഷെൽ നൽകുകയോ ചെയ്യണമെന്നതാണ് മറ്റൊരു നിർദ്ദേശം. സിവിൽ ഏവിയേഷൻ ആവശ്യകതകളുടെ പുതിയ കരടുമായി ബന്ധപ്പെട്ട് നവംബർ 30 വരെ അഭിപ്രായം പറയാനുള്ള സമയപരിധി നൽകിയിരിക്കുകയാണ് ഡിജിസിഎ. അതിനുശേഷമാകും അന്തിമ തീരുമാനം നിലവിൽ വരുന്നത്,