താലിബാൻ മോഡൽ നിയമവുമായി ബംഗ്ലാദേശ്, കടുത്ത നിയന്ത്രണങ്ങളുമായി യൂനുസ് സർക്കാർ

Tuesday 04 November 2025 12:30 PM IST

ധാക്ക: ഇസ്ലാമിക വിരുദ്ധമെന്ന് ആരോപിച്ച് സർക്കാർ പ്രൈമറി സ്കൂളുകളിൽ സംഗീത - നൃത്ത അദ്ധ്യാപകരെ നിയമിക്കാനുള്ള പദ്ധതി ഒഴിവാക്കി ബംഗ്ലാദേശ് ഇടക്കാല സർക്കാർ തലവനായ മുഹമ്മദ് യൂനുസ്. ബംഗ്ലാദേശിലെ പ്രൈമറി, മാസ് എഡ്യൂക്കേഷൻ മന്ത്രാലയമാണ് സംഗീത അദ്ധ്യാപകർക്കായി പുതുതായി സൃഷ്ടിച്ച തസ്തികകൾ നിർത്തലാക്കാൻ തീരുമാനിച്ചതായി അറിയിച്ചത്.

ഒഴിവാക്കുന്നവയിൽ ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകരുടെ തസ്തികയും ഉണ്ടാകും. ' കഴിഞ്ഞ ഓഗസ്റ്റിൽ പുറപ്പെടുവിച്ച നിയമങ്ങളിൽ നാല് വിഭാഗത്തിലുള്ള തസ്തികകൾ ഉണ്ടായിരുന്നു. എന്നാൽ ഭേദഗതി ചെയ്തവയിൽ രണ്ട് വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. സംഗീതത്തിനും അസിസ്റ്റന്റ് ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകരുടെയും തസ്തികകൾ പുതിയ നിയമനങ്ങളിലില്ല' എന്ന് മന്ത്രാലയ ഉദ്യോഗസ്ഥൻ മസൂദ് അക്തർ ഖാൻ പറഞ്ഞു. മതസംഘടനകളുടെ സമ്മർദ്ദം കാരണമാണോ ഈ തീരുമാനം എന്നതിന് നിങ്ങൾക്ക് സ്വയം പരിശോധിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇസ്ലാമിക സമ്മർദ്ദങ്ങൾക്ക് വഴങ്ങിയ നിരവധി നയപരമായ തീരുമാനങ്ങൾക്കിടയിലാണ് യൂനുസ് ഭരണകൂടത്തിന്റെ ഇത്തരത്തിലൊരു പിന്മാറ്റം. ബംഗ്ലാദേശിൽ തീവ്രവാദ സംഘടനയെന്ന് മുദ്രകുത്തിയ ഇസ്കോൺ നിരോധിക്കുകയെന്നതാണ് മറ്റൊരു ആവശ്യം. സർക്കാർ നടത്തുന്ന പ്രൈമറി സ്കൂളുകളിൽ മുസ്ലീം അദ്ധ്യാപകരെ മാത്രമേ നിയമിക്കാൻ പാടുള്ളൂ എന്നായിരുന്നു ഇസ്ലാമിസ്റ്റുകളുടെ ആവശ്യം.ഷേക്ക് ഹസീന സർക്കാരിനെ പുറത്താക്കിയതിന് പിന്നാലെ ഹിന്ദു അദ്ധ്യാപകരെ നിർബന്ധിച്ച് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു.