'നിനക്കുവേണ്ടി ഞാനെന്റെ ഭാര്യയെ കൊന്നു'; വനിതാ ഡോക്‌ടറുടെ കൊലപാതകത്തിൽ ഭർത്താവിനെതിരെ നിർണായക തെളിവ്
ബംഗളൂരു: വനിതാ ഡോക്‌ടർ കൃതിക റെഡ്ഡിയുടെ കൊലപാതകത്തിൽ ഡോക്‌ടറായ ഭർത്താവ് മഹേന്ദ്ര റെഡ്ഡിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. ഡെർമറ്റോളജിസ്റ്റായ കൃതികയെ കൊലപ്പെടുത്തിയ ശേഷം മഹേന്ദ്ര റെഡ്ഡി കാമുകിക്ക് സന്ദേശമയച്ചുവെന്നും ഇതിന്റെ തെളിവുകൾ ലഭിച്ചതായും പൊലീസ് പറഞ്ഞു.
'നിനക്കുവേണ്ടി ഞാനെന്റെ ഭാര്യയെ കൊന്നു', എന്നാണ് കൊലപാതകത്തിന് ശേഷം മഹേന്ദ്ര റെഡ്ഡി കാമുകിക്കയച്ച സന്ദേശം. മൊബൈൽ ഫോണിലെ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പ് വഴിയാണ് പ്രതി സന്ദേശമയച്ചിരുന്നത്. മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോഴാണ് സന്ദേശം വീണ്ടെടുത്തതെന്നും പൊലീസ് പറഞ്ഞു.
അമിതമായ അളവിൽ അനസ്‌തേഷ്യ മരുന്ന് കുത്തിവച്ചാണ് മഹേന്ദ്ര റെഡ്ഡി കൃതികയെ കൊലപ്പെടുത്തിയത്. മെഡിക്കൽ രംഗത്തെ വൈദഗ്ദ്ധ്യം ഉപയോഗിച്ച് സംഭവം സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാൻ പ്രതി ശ്രമിച്ചെന്നും പൊലീസ് പറഞ്ഞിരുന്നു. കൃതികയുടെ മരണം കഴിഞ്ഞ് ആറ് മാസത്തിന് ശേഷമാണ് ഭർത്താവ് അറസ്റ്റിലായത്.
കഴിഞ്ഞ ഏപ്രിൽ 21നായിരുന്നു കൃതിക ദുരൂഹസാഹചര്യത്തിൽ മരിച്ചത്. വീട്ടിൽവച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നും തുടർന്ന് ഭാര്യയെ ആശുപത്രിയിൽ എത്തിച്ചെന്നുമായിരുന്നു മഹേന്ദ്ര റെഡ്ഡിയുടെ മൊഴി. എന്നാൽ, ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ കൃതിക മരിച്ചിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്. തുടർന്ന് ഡോക്‌ടർ ദമ്പതികൾ താമസിച്ചിരുന്ന വീട്ടിൽ ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെ വിശദമായ പരിശോധന നടത്തി. തുടർന്ന് സംശയം തോന്നുന്ന രീതിയിൽ കാന്യുല സെറ്റും മറ്റുചില മെഡിക്കൽ ഉപകരണങ്ങളും പരിശോധനയിൽ കണ്ടെടുത്തു.
ഇതിനിടെ ഡോക്‌ടറുടെ ആന്തരിക അവയവങ്ങൾ രാസപരിശോധനയ്‌ക്ക് അയച്ചു. തുടർന്നാണ് ശരീരത്തിൽ അനസ്‌തേഷ്യ മരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. തുടർന്ന് സംശയം തോന്നിയ കൃതികയുടെ പിതാവ് പൊലീസിനെ സമീപിച്ചു. അന്വേഷണത്തിൽ മണിപ്പാലിൽ നിന്ന് മഹേന്ദ്ര റെഡ്ഡിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2024 മേയ് 26നായിരുന്നു ഇവരുടെ വിവാഹം.