19കാരിയെ കുത്തിവീഴ്‌ത്തി തീകൊളുത്തി കൊന്ന കേസ്; പ്രതി അജിൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്‌ച

Tuesday 04 November 2025 1:03 PM IST

കോട്ടയം: തിരുവല്ലയിൽ 19കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് തീയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അയിരൂർ സ്വദേശിനി കവിത കൊല്ലപ്പെട്ട കേസിലാണ് പ്രതി അജിൻ റെജി മാത്യു കുറ്റക്കാരനെന്ന് തെളിഞ്ഞത്. അഡീഷണൽ ജില്ലാ കോടതി - 1 വ്യാഴാഴ്‌ച ശിക്ഷ വിധിക്കും.

2019 മാർച്ച് 12നായിരുന്നു കേസിനാസ്‌പദമായ സംഭവം. സഹപാഠിയായിരുന്ന കവിതയെ പ്രണയത്തിൽ നിന്ന് പിന്മാറിയതിനാണ് അജിൻ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംസാരിക്കാനെന്ന വ്യാജേന കവിതയെ വഴിയിൽ തടഞ്ഞുനിർത്തി കുത്തിവീഴ്‌ത്തിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

നാട്ടുകാർ ഉൾപ്പെടെ ഓടിയെത്തി തീയണച്ച് കവിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഗുരുതരമായി പൊള്ളലേറ്റ കവിത അടുത്ത ദിവസംതന്നെ മരിച്ചു. കോടതി പ്രതിക്ക് പരമാവധി ശിക്ഷ വിധിക്കുമെന്നാണ് കരുതുന്നതെന്ന് യുവതിയുടെ മാതാപിതാക്കൾ പ്രതികരിച്ചു.