കേരളത്തിന് ആശ്വാസം; അർഹമായ എസ്എസ്എ ഫണ്ട് ഉടൻ നൽകാമെന്ന് കേന്ദ്രം

Tuesday 04 November 2025 6:51 PM IST

ന്യൂഡൽഹി: കേരളത്തിനുള്ള എസ്എസ്എ ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിയുമായി ബന്ധപ്പെട്ട് അർഹമായ തുക കേരളത്തിന് നൽകുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. എന്നാൽ, കൃത്യമായി എത്ര തുക നൽകുമെന്ന് കേന്ദ്രം വിശദീകരിച്ചിട്ടില്ല.

സംസ്ഥാനത്ത് സ്‌പെഷ്യൽ അദ്ധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള കേസ് സുപ്രീം കോടതി പരിഗണിക്കവെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാരിൽ നിന്ന് എസ്എസ്എ ഫണ്ട് ലഭിക്കാത്തതിനാലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് സ്പെഷ്യൽ അദ്ധ്യാപകരുടെ നിയമനം വൈകാൻ കാരണമെന്ന് സംസ്ഥാനം ചൂണ്ടിക്കാട്ടി. അതിനുള്ള മറുപടിയായാണ് സമഗ്ര ശിക്ഷാ അഭിയാൻ പ്രകാരം കേരളത്തിന് അർഹമായ തുക നൽകുമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്.

കേസിൽ നിയമന നടപടികൾ പൂർത്തിയാക്കി ജനുവരി 31നകം അറിയിക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നത്, അതിന് ശേഷമാകും കേസ് വീണ്ടും പരിഗണിക്കുക. സംസ്ഥാനം പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കരാർ മരവിപ്പിച്ച സാഹചര്യത്തിൽ എസ്എസ്എ ഫണ്ട് ഉടൻ കിട്ടുമോയെന്ന കാര്യത്തിൽ ആശങ്കകൾ നിലനിന്നിരുന്നു. നിലവിൽ കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ വലിയ ആശ്വാസമാകുന്നതാകും കേന്ദ്രത്തിന്റെ തീരുമാനം.