ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് ഹിന്ദുജ വിടവാങ്ങി, അന്ത്യം 85-ാം വയസിൽ
ന്യൂഡൽഹി: ഹിന്ദുജ ഗ്രൂപ്പ് ചെയർമാനും ഇന്ത്യൻ വംശജനുമായ യുകെ വ്യവസായി ഗോപിചന്ദ് ഹിന്ദുജ(85) അന്തരിച്ചു. ബ്രിട്ടീഷ് നിയമസഭാംഗവും അദ്ദേഹത്തിന്റെ സുഹൃത്തുമായ റാമി റേഞ്ചറാണ് ചൊവ്വാഴ്ച മരണവിവരം അറിയിച്ചത്. ജി പി ഹിന്ദുജയെന്ന് അറിയപ്പെടുന്ന ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജയുടെ വിയോഗം വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചതെന്ന് റാമി റേഞ്ചർ പൊതു പ്രസ്താവനയിൽ പറഞ്ഞു.
'പ്രിയ സുഹൃത്ത് ജി പി ഹിന്ദുജയുടെ ദാരുണമായ വിയോഗം ഞാൻ നിങ്ങളുമായി പങ്കിടുന്നു. അദ്ദേഹം സ്വർഗീയ വാസസ്ഥലത്തേക്ക് പോയി. ഏറ്റവും ദയാലുവും, എളിമയുള്ളവനും, വിശ്വസ്തനുമായ സുഹൃത്തുക്കളിൽ ഒരാളായിരുന്നു ജി പി ഹിന്ദുജ. അദ്ദേഹത്തിന്റെ വിയോഗം ഒരു യുഗത്തിന്റെ അന്ത്യം കുറിക്കുന്നു. വർഷങ്ങളായി അദ്ദേഹത്തെ അറിയാനുള്ള ഭാഗ്യം തനിക്കുണ്ടായി. അദ്ദേഹത്തിന്റെ ഗുണങ്ങൾ വളരെ വലുതാണ്. അദ്ദേഹത്തിന്റെ ശൂന്യത നികത്താൻ കഴിയാത്തതാണ്' റാമി റേഞ്ചർ പ്രസ്താവനയിൽ പറഞ്ഞു.
യുകെ സൺഡേ ടൈംസിന്റെ ധനികരുടെ പട്ടികയിൽ തുടർച്ചയായി ഏഴ് വർഷം ഒന്നാം സ്ഥാനം നേടിയ വ്യക്തിയാണ് ജി പി ഹിന്ദുജ. 1940ൽ ഇന്ത്യയിൽ ജനിച്ച അദ്ദേഹം ഹിന്ദുജ ഓട്ടോമോട്ടീവ് ലിമിറ്റഡിന്റെ ചെയർമാൻ ആയിരുന്നു. ഗോപിചന്ദ് ഹിന്ദുജയും സഹോദരൻ ശ്രീചന്ദ് ഹിന്ദുജയും ചേർന്ന് നടത്തിയ ഒരു വ്യാപാര കമ്പനിയായിരുന്നു അത്. പിന്നീട് കോടിക്കണക്കിന് മൂല്യമുള്ള ഒരു കമ്പനിയായി മാറി.