ധനുഷിന്റെ നായിക പൂജ ഹെഗ്‌ഡെ

Wednesday 05 November 2025 2:45 AM IST

വിജയ്, ദുൽഖർ സൽമാൻ എന്നിവർക്ക് പിന്നാലെ ധനുഷിന്റെ നായികയായി പൂജ ഹെഗ്‌ഡെ. ധനുഷ് നായകനായി രാജ്‌കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ആണ് നായിക. ഡി 55 എന്നു താത്‌കാലികമായി പേരിട്ട ചിത്രത്തിനു സായ് അഭ്യങ്കർ സംഗീതം ഒരുക്കുന്നു. ശിവകാർത്തികേയൻ നായകനായ ബ്ളോക് ബസ്‌റ്റർ ചിത്രം അമരനുശേഷം രാജ്‌കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രം ആണ്. സാമൂഹ്യ സന്ദേശം നൽകുന്നതാണ് പുതിയ ചിത്രത്തിന്റെയും പ്രമേയം. ഗോപുരം ഫിലിംസിന്റെ ബാനറിൽ അൻപു ചെഴിയനും സുസ്‌മിത അൻപു ചെഴിയനും ചേർന്ന് നിർമ്മിക്കുന്നു. അതേസമയം രജനികാന്ത് ചിത്രം കൂലിയിൽ മോണിക്ക പാട്ടിന്റെ തരംഗത്തിൽ കൈ നിറയെ അവസരങ്ങളാണ് പൂജ ഹെഗ്‌ഡെയെ തേടി എത്തുന്നത്. വിജയ് നായകനായി പൊങ്കൽ റിലീസായി എത്തുന്ന ജനയായകനിൽ പൂജ ആണ് നായിക. ബീസ്റ്റിനുശേഷം വിജയും പൂജയും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. രാഘവ ലോറൻസിന്റെ കാഞ്ചന 4 ൽ നായികമാരിൽ ഒരാളുമാണ്. ദുൽഖർ സൽമാന്റെ 41-ാം ചിത്രത്തിലും നായിക പൂജ ഹെഗ്‌ഡെ ആണ്. നവാഗതനായ രവി നീലക്കുഡിതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ദുൽഖർ സൽമാൻ ചിത്രം സീതാരാമത്തിൽ നായികയാവാൻ പൂജക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും ഡേറ്റ് ക്ളാഷ് വന്നതിനെത്തുടർന്ന് പിൻമാറുകയും പകരം മൃണാൾ താക്കൂർ രാജ്യമാകെ തരംഗമായി മാറുകയും ചെയ്തു. എസ്.എൽ.വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി ആണ് ദുൽഖർ- പൂജ ചിത്രം നിർമ്മിക്കുന്നത്. ജി.വി. പ്രകാശ്‌കുമാർ സംഗീതം ഒരുക്കുന്നു. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.