മൃഗ സാന്നിദ്ധ്യ ലോകത്ത് എക്കോ

Wednesday 05 November 2025 3:46 AM IST

സൂപ്പർ ഹിറ്റായ കിഷ്കിന്ധാകാണ്ഡത്തിനുശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന 'എക്കോ"യുടെ ടീസർ റിലീസ് ചെയ്തു. സന്ദീപ് പ്രദീപ് നായകനാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നല്കിയ അതേ ആകാംക്ഷ ടീസറും നല്കുന്നുണ്ട്. കഥാവഴിയിൽ മൃഗങ്ങൾക്കും നിർണായകമായ സ്ഥാനം നല്കിയൊരുക്കിയ കിഷ്കിന്ധാകാണ്ഡം, കേരള ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശ് രചന നിർവഹിക്കുന്ന ചിത്രത്തിലും മൃഗങ്ങൾക്ക് പ്രാധാന്യമുണ്ട്. മൂന്നു ഭാഗങ്ങളുള്ള അനിമൽ ട്രിയോളജിയിലെ അവസാന ഭാഗം എന്നും "എക്കോ" യെ വിശേഷിപ്പിക്കാം. പരസ്പരം ബന്ധമില്ലാത്ത മൂന്ന് വ്യത്യസ്ത കഥകളാണ് ഈ ട്രിയോളജിയിൽ ഉള്ളതെങ്കിലും, കഥാഗതിയിൽ മൃഗങ്ങൾ പുലർത്തുന്ന നിർണായക സ്വാധീനം കൊണ്ട് തന്നെ കഥകളുടെ ആത്മാവുകൾ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. മൃഗസാന്നിദ്ധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമിക സംഘർഷങ്ങളുമാണ് ഈ മൂന്നു കഥകളിലും പൊതുവായി വിഷയമാകുന്നത്. സൗരബ് സച്ചിദേവ്, നരേൻ, വിനീത്, അശോകൻ, ബിനു പപ്പു, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ്‌, ബിയാന മോമിൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണവും ബാഹുൽ രമേശ് നിർവഹിക്കുന്നു. ആരാദ്ധ്യാ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ. ജയറാം ആണ് നിർമ്മാണം. സംഗീതം: മുജീബ് മജീദ്‌, എഡിറ്റിംഗ്: സൂരജ് ഇ.എസ്, പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, വിതരണം: ഐക്കൺ സിനിമാസ്, പി.ആർ.ഒ: എ.എസ് ദിനേശ്.