യാത്രയായത് നിർദ്ധനർക്ക് കിടപ്പാടം നൽകിയ കുഞ്ഞിക്കൊച്ച് ഹാജി
ആലുവ: വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ പുലർച്ചെ നിര്യാതനായ മുപ്പത്തടം മഠത്തുംപടി പുറന്തലപ്പാടത്ത് വീട്ടിൽ കുഞ്ഞിക്കൊച്ച് ഹാജിയും കുടുംബവും എന്നും പാവങ്ങളുടെ അത്താണിയായിരുന്നു. സിനിമാനിർമ്മാണം, പൊതുമരാമത്ത് കരാറുകാരൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുമ്പോഴും പാവങ്ങളുടെ കണ്ണീരൊപ്പാൻ കുഞ്ഞിക്കൊച്ച് ഹാജി മുന്നിലുണ്ടായിരുന്നു.
ഗ്രാമ - ബ്ളോക്ക് പഞ്ചായത്തുകൾക്കായി കുഞ്ഞിക്കൊച്ച് ഹാജിയും കുടുംബവും പലപ്പോഴായി വിട്ടുനൽകിയത് മൂന്നേക്കറിലേറെ ഭൂമിയാണ്. ഏറ്റവും ഒടുവിൽ കുഞ്ഞിക്കൊച്ച് വിട്ടുനൽകിയ ആറര സെന്റിൽ സൂദ് കെമി നിർമ്മിച്ച മൂന്ന് ഭവനങ്ങളുടെ താക്കോൽ കൈമാറിയത് 2024 ജനുവരി ആറിനാണ്. വർഷങ്ങൾക്കുമുമ്പ് കടുങ്ങല്ലൂരിലെ എരമത്ത് ഹരിജൻ കോളനിക്കും മൂന്ന് - നാല് സെന്റ് കോളനികൾക്കും ഭൂമിനൽകി.
ആലങ്ങാട് ബ്ളോക്ക് പഞ്ചായത്തിന് പാനായിക്കുളത്ത് ഭവനപദ്ധതിക്കായി ഒരേക്കർ നൽകി. നാലര വർഷംമുമ്പ് കടുങ്ങല്ലൂരിൽ മറ്റ് നാലുപേർക്കും വീട് നിർമ്മിക്കാൻ ഭൂമിനൽകിയിരുന്നു. അങ്കണവാടിക്കും നാലുസെന്റ് സ്ഥലവും പഞ്ചായത്തിനായി പഞ്ചായത്ത് ഓഫീസിന് സമീപം 10 സെന്റ് സ്ഥലവും നൽകിയിട്ടുണ്ട്. കാൻസർ ബാധിച്ച് മരിച്ച മകൾ റഹ്മത്തിന്റെ സ്മരണയ്ക്കായി ഒരാൾക്ക് വീട് പൂർണമായും നിർമ്മിച്ചുനൽകി.
എടയാറ്റുചാലിന് സമീപം കാമ്പിള്ളിറോഡിൽ ഒരേക്കർഭൂമി ലൈഫ് പദ്ധതിക്കായി വിട്ടുനൽകാനുള്ള സന്നദ്ധതയും അറിയിച്ചിരുന്നെങ്കിലും തണ്ണീർത്തട സംരക്ഷണനിയമത്തിന്റെ പരിധിയിലായതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അധികൃതർക്കായില്ല. സുകുമാരൻ നായകനായ ബെൽറ്റ് മത്തായി സിനിമയുടെ നിർമ്മാതാവും മുപ്പത്തടത്തെ ആദ്യകാല തിയേറ്ററായിരുന്ന ആശയുടെ ഉടമയുമായിരുന്നു.
മന്ത്രി പി. രാജീവ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ്, ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, വി.കെ. ഷാനവാസ് എന്നിവർ ഉൾപ്പെടെ നിരവധിപേർ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.