ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട,​ ഒന്നരക്കിലോ പിടികൂടി

Wednesday 05 November 2025 12:26 AM IST

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട. ഇന്നലെ വൈകിട്ട് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് ഒന്നരക്കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി. എസ്.എച്ച്.ഒ ബിജോയ് കുമാറിന്റെ നേതൃത്വത്തിൽ പ്ലാറ്റ്‌ഫോം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെടുത്തത്. ധൻബാദ് എക്സ‌പ്രസിൽ കൊണ്ടുവന്നതെന്നാണ് പ്രാഥമികനിഗമനം. പ്ലാറ്റ്ഫോമിലെ ഉപയോഗശൂന്യമായ പൊതുശുചിമുറിയോട് ചേർന്ന് ബാഗിൽ ഷർട്ടിൽ പൊതിഞ്ഞ നിലയിവാണ് കഞ്ചാവ് കണ്ടെത്തിയത്.പ്രതികളെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ചയും റെയിൽവേ സ്റ്റേഷനിൽനിന്ന് 10കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ചാക്കുകെട്ടിൽ 20 ലാപ്‌ടോപ് ബാഗുകളിൽ തുന്നിപിടിപ്പിച്ച നിലയിലാണ് അന്ന് കഞ്ചാവ് കടത്തിയത്. പ്ലാറ്റ്‌ഫോമിൽ സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ ചാക്കുകെട്ടുകൾ പരിശോധിച്ചാണ് കഞ്ചാവ് പിടികൂടിയത്. ഉടമസ്ഥനില്ലാത്ത ബാഗുകളെക്കുറിച്ച് സൂചന കിട്ടാതെ ഇരുട്ടിൽ തപ്പുമ്പോഴാണ് വീണ്ടും കഞ്ചാവ് കണ്ടെത്തിയത്.