നഗരസഭകളിൽ മുന്നണികൾ അങ്കത്തിന്

Wednesday 05 November 2025 12:25 AM IST

തൃശൂർ: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഏഴ് മുനിസിപ്പാലിറ്റികളിൽ പിടിച്ചെടുത്തത് നിലനിറുത്തിയും മറ്റിടങ്ങളിൽ തിരിച്ചു വരാനും കച്ചമുറുക്കുകയാണ് എൽ.ഡി.എഫും യു.ഡി.എഫും. തലനാരിഴയ്ക്ക് ഭരണം നഷ്ടപ്പെട്ട കൊടുങ്ങല്ലൂരും പ്രതിപക്ഷത്തുള്ള കുന്നംകുളത്തും സ്വാധീനമുള്ള ഇരിങ്ങാലക്കുടയിലും ഭരണം പിടിക്കാമെന്ന പ്രതീക്ഷയിൽ എൻ.ഡി.എയും കരുക്കൾ നീക്കിതുടങ്ങി.

തിരിച്ചു വരവിനൊരുങ്ങി യു.ഡി.എഫ്

2020ൽ ഇടതിന് ഭരണമുണ്ടായിരുന്ന ചാലക്കുടി തിരിച്ചുപിടിച്ചതായിരുന്നു കഴിഞ്ഞ തവണത്തെ യു.ഡി.എഫിന്റെ പ്രധാന നേട്ടം. ഒരു സീറ്റിന്റെ വ്യത്യാസത്തിൽ ഇരിങ്ങാലക്കുടയിൽ ഭരണം നിലനിറുത്തിയ യു.ഡി.എഫ് മറ്റിടങ്ങളിൽ മികവ് പുലർത്തിയില്ല. വടക്കാഞ്ചേരിയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ചെങ്കിലും കൊടുങ്ങല്ലൂരിൽ ആകെ ലഭിച്ചത് ഒരു സീറ്റാണ്. എന്നാൽ ഇത്തവണ സഖ്യകക്ഷികളുടെ സഹായത്തോടെ കൊടുങ്ങല്ലൂരിൽ മികച്ച പ്രകടപ്പിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.

മേധാവിത്വം നിലനിറുത്താൻ എൽ.ഡി.എഫ്

ഗുരുവായൂർ, കൊടുങ്ങല്ലൂർ, കുന്നംകുളം, ചാവക്കാട്, വടക്കാഞ്ചേരി നഗരസഭകളാണ് കഴിഞ്ഞ തവണ എൽ.ഡി.എഫിനൊപ്പം നിന്നത്. എന്നാൽ ചാലക്കുടിയിൽ ഭരണ നഷ്ടപ്പെട്ടത് ഏറെ തിരിച്ചടിയായി. വടക്കാഞ്ചേരിയിൽ ഹാട്രിക് ഭരണമാണ് ലക്ഷ്യമിടുന്നത്. ചാവക്കാട് തുടർച്ചയായ അഞ്ചാംവട്ടം ഭരണസാരഥ്യത്തിലെത്തുമെന്ന വിലയിരുത്തലുമുണ്ട്. കൊടുങ്ങല്ലൂരിൽ വ്യക്തമായ പ്ലാനിങ്ങോടെയാണ് എൽ.ഡി.എഫ്്. കരുവന്നൂർ ബാങ്ക് കൊള്ളയുടെ അലയൊലികൾ ഉണ്ടെങ്കിലും ഇരിങ്ങാലക്കുടയിൽ തിരിച്ചു വരാൻ കഴിയുമെന്ന കണക്കു കൂട്ടലിലാണ് എൽ.ഡി.എഫ്. കുന്നംകുളത്ത് ഭരണ തുടർച്ചയിൽ ആശങ്കയില്ലെന്നാണ് വിലയിരുത്തൽ. നിലവിൽ 3-ാം സ്ഥാനത്താണ് യു.ഡി.എഫ്. ഗുരുവായൂരിന്റെ വികസനം ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫ് ഇറങ്ങുന്നത്.

പിടിക്കാൻ എൻ.ഡി.എ

കൊടുങ്ങല്ലൂരിൽ കഴിഞ്ഞ തവണ തലനാരിഴയ്ക്കാണ് എൻ.ഡി.എക്ക് ഭരണം നഷ്ടപ്പെട്ടത്. എൽ.ഡി.എഫിന് 22 സീറ്റുകൾ ലഭിച്ചപ്പോൾ എൻ.ഡി.എ 21 സീറ്റ് നേടിയിരുന്നു. ഇത്തവണ കൊടുങ്ങല്ലൂരിൽ എൻ.ഡി.എ ഭരണമായിരിക്കുമെന്ന് ഉറച്ച വിശ്വാസത്തിലാണ് ഇവർ. കുന്നംകുളത്തും ബി.ജെ.പിയാണ് പ്രതിപക്ഷം. ഇരിങ്ങാലക്കുടയിൽ എട്ടു സീറ്റുകളുണ്ട്.

വടക്കാഞ്ചേരി 41 എൽ.ഡി.എഫ് 23 യു.ഡി.എഫ് 17 ബി.ജെ.പി 1

ചലക്കുടി 36 യു.ഡി.എഫ് 28 എൽ.ഡി.എഫ് 7 സ്വതന്ത്ര1

കുന്നംകുളം 37 എൽ.ഡി.എഫ് 18 ബി.ജെ.പി 8 യു.ഡി.എഫ് 7 ആർ.എസ്.പി 3 സ്വതന്ത്രൻ 1

ഇരിങ്ങാലക്കുട 41

യു.ഡി.എഫ് 17 എൽ.ഡി.എഫ് 16 ബി.ജെ.പി 8

കൊടുങ്ങല്ലൂർ 44 എൽ.ഡി.എഫ് 22 ബി.ജെ.പി 21 കോൺഗ്രസ് 1

ചാവക്കാട് 32

എൽ.ഡി.എഫ് 23 യു.ഡി.എഫ് 9

ഗുരുവായൂർ 43 എൽ.ഡി.എഫ് 28 യു.ഡി.എഫ് 12 ബി.ജെ.പി 2 സ്വതന്ത്രൻ 1