ആദ്യ എന്യൂമറേഷൻ ഫോം ഊര് മൂപ്പന് നൽകി കളക്ടർ

Wednesday 05 November 2025 12:00 AM IST
പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി ആദ്യ എന്യൂമറേഷൻ ഫോം ജില്ലാ കളക്ടർ അർജുൻ പണ്ഡ്യൻ മണിയൻ കിണർ ഉന്നതി ഊര് മൂപ്പൻ കുട്ടന് കൈമാറുന്നു.

തൃശൂർ: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വോട്ടർമാർക്കുള്ള എന്യൂമറേഷൻ ഫോം വിതരണം ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഒല്ലൂർ മണ്ഡലത്തിലെ മണിയൻകിണർ ഉന്നതിയിൽ ബി.എൽ.ഒ മാരോടൊപ്പം എത്തി എന്യൂമറേഷൻ ഫോം ഊര് മൂപ്പൻ കുട്ടൻ, മുതിർന്ന വനിതാ വോട്ടറായ തായു എന്നിവർക്ക് കൈമാറി വോട്ടർ പട്ടിക പുതുക്കലിന്റെ പ്രാരംഭഘട്ടത്തിന് തുടക്കം കുറിച്ചു. കലാമണ്ഡലം ഗോപി ആശാൻ, പെരുവനം കുട്ടൻ മാരാർ, സിനിമ സംവിധായകരായ സത്യൻ അന്തിക്കാട്, ലാൽ ജോസ്, ഫുട്ബാൾ താരങ്ങളായ രാഹുൽ രാജ്, വിക്ടർ മഞ്ഞില, എഴുത്തുകാരൻ രാധാകൃഷ്ണൻ കാക്കശ്ശേരി തുടങ്ങി കലാ-സാംസ്‌കാരിക-കായിക രംഗത്തെ പ്രമുഖർക്ക് എന്യൂമറേഷൻ ഫോം വിതരണം ചെയ്തു. ബൂത്ത് ലെവൽ ഓഫീസർമാർ വോട്ടർമാരുടെ വീട്ടിൽ എത്തിയാണ് ഫോം നൽകിയത്. വോട്ടർമാർക്ക് ഫോറം പൂരിപ്പിക്കുന്നതിനുള്ള സഹായവും ബി.എൽ.ഒ നൽകും. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ. കൃഷ്ണകുമാർ, ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ എം.സി ജ്യോതി, തൃശൂർ തഹസിൽദാർ ടി. ജയശ്രീ, ബൂത്ത് ലെവൽ ഓഫീസർമാരായ പ്രമീള, ഷിബി എന്നിവർ പങ്കെടുത്തു.