പരുമലയുടെ 'സ്നേഹ സ്പർശ'ത്തിൽ സന്തോഷവതിയായി ദേവനന്ദ മടങ്ങി

Wednesday 05 November 2025 1:27 AM IST

മാന്നാർ: അപ്പെൻഡിക്സ് ശസ്ത്രക്രിയ മാറ്റിവച്ച്,​ കടുത്ത വേദന സഹിച്ച് സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ റെക്കാഡ് നേട്ടം കൈവരിച്ച കോഴിക്കോട് സെന്റ് ജോസഫ് എച്ച്.എസ്.എസ് പുല്ലൂരാംപാറയിലെ ദേവനന്ദ വി.ബിജു ശസ്ത്രക്രിയയ്ക്ക് ശേഷം പരുമല ആശുപത്രിയിൽ നിന്ന് സന്തോഷവതിയായി മടങ്ങി. സ്കൂൾ കായികമേളയിൽ 100,​ 200 മീറ്ററുകളിൽ റെക്കാഡ് സഹിതം സ്വർണ മെഡൽ നേടിയ ദേവനന്ദയുടെ അടിയന്തര അപ്പെൻഡിക്സ് ശസ്ത്രക്രിയ പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ശനിയാഴ്ചയായിരുന്നു വിജയകരമായി നടന്നത്.സ്കൂൾ കായികമേളക്ക്‌ തയ്യാറെടുക്കുന്നതിനിടെയാണ് ദേവനന്ദയ്ക്ക് അപ്പെൻഡിസൈറ്റിസിൽ അണുബാധ സ്ഥിരീകരിച്ചത്. ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചെങ്കിലും മത്സരത്തിനിറങ്ങുകായിരുന്നു. കഠിനമായ വയറുവേദന ഉണ്ടായിട്ടും വേദന സംഹാരികളുടെ സഹായത്തോടെയാണ് ദേവനന്ദ ഇരട്ട സ്വർണം സ്വന്തമാക്കിയത്. തുടർന്നുള്ള പരിശോധനയിൽ അപ്പെൻഡിക്സ് സ്ഥിരീകരിക്കുകയും 'സ്‌പോർട്‌സ് ഈസ് മൈ ലൈഫ് അത്‌ലറ്റിക് വെൽഫെയർ അസോസിയേഷൻ' മുഖേന പരുമല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ശനിയാഴ്ച വൈകിട്ട് തന്നെ പരുമല ജനറൽ ലാപ്രോസ്കോപ്പിക് സർജറി വിഭാഗം മേധാവി ഡോ.അൻസാറിന്റെ നേതൃത്വത്തിൽ ദേവനന്ദയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. പൂർണ്ണ ആരോഗ്യവതിയായ ദേവനന്ദ ഇന്നലെ ആശുപത്രി വിട്ടു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ദേവനന്ദയുടെ ചികിത്സാ കാര്യങ്ങൾ ഏറ്റെടുത്ത് അസോസിയേഷൻ പ്രസിഡന്റ് ഒളിമ്പ്യൻ അനിൽകുമാർ വി.എസ്.എം, സീനിയർ വൈസ് പ്രസിഡന്റ് ഒളിമ്പ്യൻ രഞ്ജിത്ത് മഹേശ്വരി, ജനറൽ സെക്രട്ടറി ജിഷ് കുമാർ എന്നിവർ പരുമല ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഹോസ്പിറ്റൽ സി.ഇ.ഒ ഫാ.എം.സി. പൗലോസ് ദേവനന്ദയുടെ ചികിത്സാ ചെലവുകൾ മലങ്കര ഓർത്തഡോക്സ് സഭയുടെ ‘സ്‌നേഹസ്പർശം’ പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി ശസ്ത്രക്രിയ നടത്തിക്കൊടുക്കുകയായിരുന്നു.

കഠിനമായ വേദനയെ അവഗണിച്ച് ചരിത്രവിജയം നേടിയ ദേവനന്ദയെ, മലങ്കര ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി, ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫാ.എം.സി.പൗലോസ് എന്നിവർ ചേർന്ന് അനുമോദിച്ചു.

മന്ത്രി വിളിച്ചതിൽ

വലിയ സന്തോഷം

ബാർബർ തൊഴിലാളിയായ കെ.കെ ബിജുവിന്റെയും വിജിതയുടെയും മകളാണ് ദേവനന്ദ. കുന്നിന് മുകളിൽ വഴി സൗകര്യം പോലുമില്ലാത്ത, തകർന്നുവീഴാറായ വീട്ടിൽ കഴിഞ്ഞിരുന്ന ദേവനന്ദക്കും കുടുംബത്തിനും മന്ത്രി വി.ശിവൻകുട്ടിയുടെ ഇടപെടലിൽ കൽപ്പത്തൂർ മമ്മിളിക്കുളത്ത് കേരള സ്‌കൗട്ട്‌സ്‌ ആൻഡ് ഗൈഡ്‌സിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ തിങ്കളാഴ്ച മന്ത്രി നിർവഹിച്ചിരുന്നു. ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ പരുമല ആശുപത്രിയിൽ കഴിഞ്ഞിരുന്ന ദേവനന്ദയുമായി മന്ത്രി ഫോണിൽ സംസാരിച്ചത് വലിയ സന്തോഷമായി.കൽപ്പത്തൂർ എ.എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ആൽവിൻ സഹോദരനാണ്.