എസ്.ഐ.ആർ നടപടി തുടങ്ങി

Wednesday 05 November 2025 1:26 AM IST

തിരുവനന്തപുരം:എസ്.ഐ.ആറിന്റെ എനുമറേഷൻ ഫോറവുമായി ബി.എൽ.ഒമാർ വീടുകളിൽ ഇന്നലെ മുതൽ എത്തിത്തുടങ്ങി. ഉന്നത ഉദ്യോഗസ്ഥരാണ് പ്രമുഖരുടെ വീടുകളിൽ ഫോം കൈമാറാൻ എത്തിയത്. കഥാകൃത്ത് ടി. പത്മനാഭന്റെ വീട്ടിൽ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ നേതൃത്വത്തിലാണ് എന്യൂമറേഷൻ ഫോം നൽകിയത്.

കലാമണ്ഡലം ഗോപിയുടെ വീട്ടിൽ സബ് കളക്ടർ അഖിൽ വി. മേനോന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുമെത്തി.

ചീഫ് ഇലക്ടറൽ ഓഫീസറുടെ നേതൃത്വത്തിൽ രാജ്ഭവനിലെത്തി ഗവർണർക്ക് എന്യൂമറേഷൻ ഫോം നൽകി കഴിഞ്ഞവ്യാഴാഴ്ചയാണ് തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തിന് സംസ്ഥാനത്ത് തുടക്കമിട്ടത്. ഡിസംബർ നാലു വരെ ഇത് നീളും. 2002ലെ വോട്ടർ പട്ടികയാണ് പരിഷ്‌കരണത്തിന് ആധാരം.

ബി.എൽ.ഒ ജോലിയുള്ളവരെ മറ്റു ജോലികളിൽ നിന്ന് ഒഴിവാക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഇന്നലെ ഉത്തരവിറക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ജോലികളിലുള്ളവർക്ക് ബാധകമല്ലെന്ന ഉത്തരവ് രാത്രിയിലും ഇറക്കി.

തിരുവനന്തപുരത്ത് നേമം മണ്ഡലത്തിലെ ഭിന്നശേഷിക്കാരനായ രവികുമാർ നായരുടെ വീട്ടിൽ ജില്ലാകളക്ടർ അനുകുമാരി ഇന്ന് എനുമറേഷൻ ഫോറവുമായി എത്തും.