10 മില്ലി മദ്യം സൂക്ഷിച്ചതിന് അറസ്റ്റ്, പൊലീസിനെ കുടഞ്ഞ് കോടതി

Wednesday 05 November 2025 1:34 AM IST

മഞ്ചേരി: 10 മില്ലി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് സബ് ഇൻസ്‌പെക്ടറെ കോടതി കുടഞ്ഞു. അബ്കാരി ആക്ട് പ്രകാരം ഒരാൾക്ക് മൂന്നു ലിറ്റർ വരെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വയ്ക്കാമെന്നിരിക്കെയാണ് ഇൻസ്പെക്ടറുടെ ദുർനടപടി. വളാഞ്ചേരി പൊലീസ് സബ് ഇൻസ്‌പെക്ടർക്കെതിരെയാണ് മഞ്ചേരി ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് കെ. സനിൽകുമാറിന്റെ വിമർശനം. ഇത്തരമൊരു അറസ്റ്റ് നടന്നിരിക്കുന്നത് ഏതെങ്കിലും ബനാന റിപ്പബ്ലിക്കിലല്ലെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണെന്നും കോടതി ചൂണ്ടിക്കാട്ടി.

തിരൂർ പൈങ്കണ്ണൂർ വാരിയത്തൊടി ധനേഷ് (32)നെയാണ് കഴിഞ്ഞ 25ന് രാവിലെ 11.40ന് വളാഞ്ചേരി അച്ചിക്കുളം മിനിമാളിലെ തന്റെ ബാർബർ ഷോപ്പിൽ വച്ച് അറസ്റ്റ് ചെയ്തത്. ഒരാഴ്ചയോളം ധനേഷ് റിമാന്റിലായി. ധനേഷിന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശം. ബാർബർ കട നടത്തിവരുന്ന ധനേഷ് ഷേവിംഗ് ലോഷനായി ഉപയോഗിച്ചതായിരിക്കാം ഈ തൊണ്ടി മുതലെന്ന് നിരീക്ഷിച്ച കോടതി സമൂഹത്തിലെ താഴെക്കിടയിലുള്ള യുവാവിനെ അറസ്റ്റ് ചെയ്യുന്നതിൽ അമിതാവേശം കാണിച്ച സബ് ഇൻസ്പെക്ടറുടെ ഉദ്ദേശ്യശുദ്ധിയിൽ സംശയം പ്രകടിപ്പിച്ചു.