ടി.ടി.ഇയുമായി പുറത്തേക്ക് ചാടാൻ മദ്യപന്റെ ശ്രമം

Wednesday 05 November 2025 1:34 AM IST

തൃശൂർ: ഓടുന്ന ട്രെയിനിൽ നിന്ന് ടി.ടി.ഇയെ പിടിച്ചുവലിച്ച് പുറത്തേക്ക് ചാടാൻ ശ്രമിച്ച മദ്യപനായ പ്രതിക്കെതിരെ ടി.ടി.ഇ നാളെ മൊഴി നൽകും. ഇന്ന് തിരുവനന്തപുരത്തെത്തിയ ശേഷം, തൃശൂരിലെ ആർ.പി.എഫ് ഓഫീസിലെത്തി മൊഴി നൽകുമെന്ന് ടി.ടി.ഇ സനൂപ് കേരളകൗമുദിയോട് പറഞ്ഞു. പ്രതി പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശി നിതിനെ (37) ആർ.പി.എഫ് പിടികൂടിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് ഷാലിമാറിലേക്ക് പോകുന്ന ഗുരുദേവ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ ഞായറാഴ്ച രാത്രി 10.15നായിരുന്നു സംഭവം.

ട്രെയിൻ ഇരിങ്ങാലക്കുട സ്‌റ്റേഷൻ പിന്നിട്ടപ്പോഴാണ് റിസർവ്ഡ് കോച്ചുകളിലൊന്നിൽ മദ്യലഹരിയിൽ ബഹളമുണ്ടാക്കുന്ന നിലയിൽ നിതിനെ കണ്ടത്. ജനറൽ ടിക്കറ്റാണ് കൈയിലെന്ന് മനസിലായതോടെ നിതിനോട് ജനറൽ കോച്ചിലേക്ക് മാറണമെന്ന് സനൂപ് ആവശ്യപ്പെട്ടു. എന്നാൽ, ഇപ്പോൾ തന്നെ ഇറങ്ങാമെന്ന് പറഞ്ഞ് നിതിൻ സനൂപിന്റെ കൈയിൽ പിടിച്ച് പുറത്തേക്ക് ചാടാൻ ശ്രമിക്കുകയായിരുന്നു.

സമീപത്തെ വാഷ് ബെയ്‌സിന്റെ പൈപ്പിൽ പിടിത്തംകിട്ടിയ സനൂപ് ബഹളംവച്ചു. ശബ്ദംകേട്ട് പാൻട്രി ജീവനക്കാർ ഓടിയെത്തിയാണ് ഇരുവരെയും പിടിച്ച് ഉള്ളിലേക്കു കയറ്റിയത്. ടി.ടി.ഇ സനൂപ് തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സനൂപിന് കൈയ്ക്ക് പരിക്കുണ്ട്.