വിമാന ടിക്കറ്റ് റീഷെ‌ഡ്യൂളിന് അധിക നിരക്ക് ഈടാക്കരുത്

Wednesday 05 November 2025 1:51 AM IST

ന്യൂഡൽഹി: വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനകം മറ്റൊരു ദിവസത്തേക്കോ/ സമയത്തേക്കോ ടിക്കറ്റ് മാറ്റണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടാൽ വിമാനക്കമ്പനികൾ അധിക നിരക്ക് വാങ്ങരുതെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ) കരട് മാർഗരേഖയിൽ നിർദ്ദേശം. ടിക്കറ്രെടുത്ത് 48 മണിക്കൂറിനകം ക്യാൻസൽ ചെയ്‌താൽ റീഫണ്ട് 21 ദിവസത്തിനകം യാത്രക്കാരുടെ അക്കൗണ്ടിലേക്ക് കൈമാറണം. തുക വാലറ്രിലേക്ക് മാറ്രാമെന്ന് പറയരുത്.

ടിക്കറ്റ് ബുക്ക് ചെയ്തപ്പോഴുള്ള പേരിലെ തെറ്റു തിരുത്താൻ യാത്രക്കാർ 24 മണിക്കൂറിനകം ആവശ്യപ്പെട്ടാൽ വിമാനക്കമ്പനികൾ അഡീഷണൽ ഫീസ് വാങ്ങാനും പാടില്ല. അതേസമയം, ആഭ്യന്തര യാത്രയ്‌ക്കായി 5 ദിവസത്തിനകം ടിക്കറ്റ് എടുക്കുന്നവർക്കും വിദേശത്തേക്ക് 15 ദിവസത്തിനകം എടുക്കുന്നവർക്കും ഇവ ബാധകമല്ല.

കരടു മാർഗരേഖയിൽ പൊതുജനങ്ങൾക്ക് നവംബർ 30നകം അഭിപ്രായമറിയിക്കാം. അതിനു ശേഷമാകും അന്തിമമാക്കുക. ഇത്തരം കാര്യങ്ങളിൽ യാത്രക്കാരിൽ നിന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഡി.ജി.സി.എ നടപടി.