അതി പിന്നാക്ക വോട്ട് ഉറപ്പിക്കാൻ ഐ.പി. ഗുപ്‌ത

Wednesday 05 November 2025 12:32 AM IST

ബീഹാർ രാഷ്‌ട്രീയത്തിൽ താരതമ്യേന പുതുമുഖമായ ഇന്ദ്രജിത് പ്രസാദ് ഗുപ്‌ത എന്ന ഐ.പി.ഗുപ്‌തയുടെ ഇന്ത്യൻ ഇൻക്ലൂസീവ് പാർട്ടിക്ക് (ഐ‌.ഐ‌.പി) മഹാസഖ്യം മൂന്നു സീറ്റുകൾ നൽകിയത് വെറുതെയല്ല. 2020ലെ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിച്ച് അതി പിന്നാക്ക വിഭാഗത്തിന്റെ വോട്ടുകൾ പിടിച്ച ഗുപ്‌ത ചില്ലറക്കാരനല്ലെന്നാണ് മഹാസഖ്യത്തിന്റെ വിലയിരുത്തൽ. ഏഴ് ഘടകകക്ഷികളിൽ മുകേഷ് സാഹിനിയുടെ വി.ഐ.പി കഴിഞ്ഞാൽ മുന്നണിയിൽ പരിഗണന ലഭിച്ചത് അതുകൊണ്ട് തന്നെ.

എട്ട്-ഒമ്പത് സീറ്റുകൾ ആവശ്യപ്പെട്ട ഐ‌.ഐ‌.പിക്ക് സഹർസ, ബെൽദൗർ (ഖഗാരിയ), ജമാൽപൂർ (മുൻഗർ) എന്നീ സീറ്റുകളാണ് നൽകിയത്. സഹർസയിൽ നിന്ന് ഗുപ്‌ത മത്സരിക്കുന്നു. ബി.ജെ.പിയുടെ അലോക് രഞ്ജൻ ഝായാണ് എതിരാളി. ഇവിടെ നാളെ ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.

നെയ്‌ത്ത് തൊഴിൽ നടത്തുന്ന അതി പിന്നാക്ക വിഭാഗമായ തന്തി-പാൻ സമുദായത്തിൽ നിന്നുള്ള നേതാവാണ് ജാമുയി സ്വദേശിയായ ഗുപ്‌ത. എം.ടെക് ബിരുദധാരി. ഐ.ടി മേഖലയിൽ ബിസിനസുമുണ്ട്. ഏപ്രിലിൽ പാട്നയിൽ സമുദായത്തിന് പ്രത്യേക സംവരണ ക്വാേട്ട ആവശ്യപ്പെട്ട് അദ്ദേഹം വൻ റാലി നടത്തിയിരുന്നു. കൂലിപ്പണിക്കാരനായ പിതാവിന്റെ മകനായ താൻ തൊഴിലാളികളുടെ വിഷമങ്ങൾ മനസിലാക്കുന്നുവെന്ന് വേദികളിൽ ആവർത്തിക്കും.

2020ലെ തിരഞ്ഞെടുപ്പിൽ സ്വദേശമായ ജാമുയിയിലെ പട്ടികവർഗ സംവരണ സീറ്റായ സികാന്ദ്രയിൽ സ്വതന്ത്രനായി മത്സരിച്ച് 7000ൽപ്പരം വോട്ടു പിടിച്ചു. പിന്നീട് കോൺഗ്രസിൽ ചേർന്നു. ഏപ്രിലിൽ കോൺഗ്രസിൽ നിന്ന് രാജിവച്ചാണ് ഇന്ത്യൻ ഇൻസ്‌ക്ളൂസീവ് പാർട്ടി സ്ഥാപിച്ചത്. ലക്ഷണക്കിന് ആളുകൾ പങ്കെടുത്ത റാലിയിലായിരുന്നു പാർട്ടി രൂപീകരണം. സുപ്രീംകോടതി വിധിയെ തുടർന്ന് തന്തി-പാൻ പാൻ സമുദായത്തിന് പട്ടികജാതി പദവി നിഷേധിക്കപ്പെട്ട വിഷയം ഏറ്റെടുത്ത് നടത്തിയ പ്രക്ഷോഭങ്ങൾ ശ്രദ്ധിക്കപ്പെട്ടു. നെയ‌്‌ത്തുകാരുടെ പിന്നാക്കാവസ്ഥ ബോദ്ധ്യപ്പെടുത്താൻ നിതീഷ് കുമാർ സർക്കാർ പരാജയപ്പെട്ടെന്നാണ് ഗുപ്‌തയുടെ വാദം.