നടുറോഡിൽ കുതിരയുടെ ആക്രമണം; കടിയേറ്റ് കോർപ്പറേഷൻ ജീവനക്കാരന് പരിക്ക്
കോയമ്പത്തൂർ: കുതിര കടിച്ച് കോർപ്പറേഷൻ കരാർ ജീവനക്കാരന് പരിക്ക്. തമിഴ്‌നാട് കോയമ്പത്തൂരിലാണ് സംഭവം. ജയപാലൻ എന്നയാൾക്കാണ് പരിക്കേറ്റത്. രണ്ട് കുതിരകൾ റോഡിലൂടെ പാഞ്ഞുവരുന്നതും ഇരുചക്രവാഹനത്തിൽ വന്ന ജയപാലനെ ഇടിച്ചിടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ രണ്ടാമത്ത് സംഭവമാണിത്.
കസ്‌തൂരി നായ്‌ക്കൻ പാളയം നെഹ്‌റു നഗറിലാണ് ഇന്നലെ വൈകിട്ട് കുതിരയുടെ ആക്രമണമുണ്ടായത്. ഇത് ജനവാസ മേഖലയാണ്. റോഡിലൂടെ പാഞ്ഞെത്തിയ കുതിര വളവിൽ വച്ച് ജയപാലനെ ഇടിച്ചിട്ടു. ഇടതുകയ്യിൽ കടിയേറ്റ ജയപാലനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ കുത്തിവയ്‌പ്പിന് ചെലവേറിയതിനാൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് ജയപാലന്റെ കുടുംബം ആവശ്യപ്പെട്ടു.
കേരളത്തിൽ തെരുവുനായ്‌ക്കളെന്ന പോലെയാണ് കോയമ്പത്തൂരിൽ കുതിരകൾ ഇറങ്ങിനടക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവയുടെ ആക്രമണം വർദ്ധിച്ചുവരികയാണ്. പ്രശ്‌നത്തിൽ കോർപ്പറേഷനും മൃഗസ്‌നേഹികളും തമ്മിൽ വാക്‌പോര് നടക്കുന്നുണ്ട്. കുതിരകളെ പിടിച്ചെടുക്കുമെന്നും ഇതിന്റെ ഉടമകൾ എത്തി വിശദീകരണം നൽകണമെന്നും പിഴ ഉൾപ്പെടെ ചുമത്തുമെന്നും കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
കോർപ്പറേഷൻ വളരെ ലാഘവത്തോടെയാണ് സംഭവത്തെ കാണുന്നതെന്നാണ് നാട്ടുകാരുടെ പരാതി. തെരുവുനായ്‌ക്കളുടെ ശല്യം കാരണം പൊറുതിമുട്ടിയിരുന്ന സാഹചര്യത്തിലാണ് കുതിരയുടെ ആക്രമണം സ്ഥിരം ഉണ്ടാകുന്നതെന്നും അവർ പറഞ്ഞു. കുതിരയുടെ ആക്രമണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ വളരെ രൂക്ഷമാണെന്നാണ് ആരോഗ്യവിദഗ്ദ്ധരും പറയുന്നത്.