ചൂടുപരിപ്പുവട കഴിക്കുന്നതിനിടെ നാവിൽ എന്തോ തടഞ്ഞു, നോക്കിയപ്പോൾ കുപ്പിച്ചില്ല്; ചായക്കടയ്ക്കെതിരെ പരാതി
Wednesday 05 November 2025 10:51 AM IST
മലപ്പുറം: നിലമ്പൂരിലെ ഒരു ചായക്കടയിൽ നിന്നുവാങ്ങിയ പരിപ്പുവടയിൽ കുപ്പിച്ചില്ല് കിട്ടിയെന്ന് പരാതി.ചക്കാലക്കുത്ത് റിട്ട. എസ്ഐ ടി പി ശിവദാസനാണ് പരിപ്പുവടയിൽ നിന്ന് കുപ്പിച്ചില്ല് കിട്ടിയത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് ശിവദാസൻ നിലമ്പൂർ വി കെ റോഡിൽ സ്വകാര്യ ആശുപത്രിയ്ക്ക് സമീപം ചായക്കടയിൽ നിന്ന് മൂന്ന് പരിപ്പുവടയും ഒരു കട്ലറ്റും വാങ്ങി. വീട്ടിലെത്തി പരിപ്പുവട കഴിച്ചപ്പോൾ എന്തോ നാവിൽ തടയുകയായിരുന്നു. കല്ലാണെന്ന് കരുതി എടുത്ത് നോക്കിയപ്പോഴാണ് കുപ്പിച്ചില്ലാണെന്ന് മനസിലായത്. സംഭവത്തിൽ ശിവദാസൻ നിലമ്പൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്.