കുട്ടിയെ  കിണറ്റിലെറിഞ്ഞ്  കൊലപ്പെടുത്തിയ  മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Wednesday 05 November 2025 11:32 AM IST

തളിപ്പറമ്പ്: കുറുമാത്തൂരിൽ കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂരിലെ ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ ആമിഷ് അലനാണ് കൊല്ലപ്പെട്ടത്. മുബഷിറ കുറ്റം സമ്മതിച്ചിട്ടുണ്ട്. യുവതിയെ ഉടൻ കോടതിയിൽ ഹാജരാക്കിയേക്കും. പോസ്റ്റ്‌പാർട്ടമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണിത്.

മൂന്ന്‌ മാസം പ്രായമേ കുഞ്ഞിനുണ്ടായിരുന്നുള്ളൂ. തളിപ്പറമ്പ്‌ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിലാണ് യുവതി കുറ്റം സമ്മതിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. യുവതിയുടെ ബഹളം കേട്ട് ഓടിയെത്തിയ പൊതുപ്രവർത്തകൻ നാജ് അബ്ദുറഹ്മാൻ, സുഹൃത്തുക്കളായ ഷംസാദ്, നാസർ എന്നിവർ കുഞ്ഞിനെ കിണറ്റിൽ നിന്ന് പുറത്തെടുത്ത് ഉടൻ തളിപ്പറമ്പ് സഹകരണാശുപ്രതിയിലും കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുളിമുറിയോട് ചേർന്നാണ് കിണറുള്ളത്. കുളിപ്പിക്കുന്നതിനിടെ കു‌ഞ്ഞ് കൈയിൽ നിന്ന് അബദ്ധത്തിൽ കിണറ്റിലേക്ക് വീണെന്നായിരുന്നു യുവതി ആദ്യം പറഞ്ഞിരുന്നത്. ആൾ മറയും ഇരുമ്പ് കമ്പി കൊണ്ടുള്ള അടപ്പുമുള്ള കിണറിലേക്ക് കുഞ്ഞ് വീഴാൻ സാദ്ധ്യത കുറവാണെന്നും ആരെങ്കിലും കിണറ്റിലെറിഞ്ഞതാകാമെന്നും ആദ്യഘട്ടത്തിൽതന്നെ പൊലീസ് സംശയിച്ചിരുന്നു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടർന്ന്‌ മുബഷിറയേയും ബന്ധുക്കളെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഒടുവിൽ യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു.