ബിഗ് ബോസിൽ നിന്ന് കോൾ വന്നു, അവരോട് ചില നിബന്ധനകൾ പറഞ്ഞു; പ്രതിഫലത്തെക്കുറിച്ച് ഷീല
ബിഗ് ബോസ് ഷോയ്ക്ക് ആരാധകരേറെയാണ്. മലയാളം, ഹിന്ദി, തമിഴ് അടക്കം നിരവധി ഭാഷകളിൽ ബിഗ് ബോസ് ടെലികാസ്റ്റ് ചെയ്യുന്നുണ്ട്. മത്സരാർത്ഥികളായെത്തുന്നവർക്ക് ആകർഷകമായ പ്രതിഫലവും നൽകുന്നു. ഇപ്പോഴിതാ പണ്ട് ബിഗ് ബോസിൽ നിന്ന് ക്ഷണം ലഭിച്ചിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഷീല. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. 'എനിക്ക് ബിഗ് ബോസിൽ പോയി അവരെല്ലാം എന്തൊക്കെയാണ് ചെയ്യുന്നതെന്ന് നോക്കണമെന്നുണ്ടായിരുന്നു. മുമ്പ് ഞാൻ, ജയഭാരതി, ഉർവശി, ശാരദ, അംബിക അങ്ങനെ വലിയ പതിമൂന്ന് ആർട്ടിസ്റ്റുകളെവച്ച് നടത്താനിരുന്നതാണ്. അന്ന് ബിഗ് ബോസ് എന്താണെന്ന് എനിക്കറിയില്ലായിരുന്നു. പതിമൂന്നുപേർ വേണമെന്ന് പറഞ്ഞു. ഞാൻ വരാം, ഇത്ര പണം തരണമെന്ന് ആവശ്യപ്പെട്ടു.
ഞാൻ കുറച്ച് നിബന്ധനകൾ മുന്നോട്ടുവച്ചു ഒറ്റയ്ക്ക് മുറി വേണം, കൂടെ ടച്ചപ്പിന് ആൾ വേണം, കൂടെ ഒരു സ്ത്രീ വരും. എനിക്ക് വേണ്ട ഭക്ഷണങ്ങളൊക്കെ അവരുണ്ടാക്കുമെന്നും പറഞ്ഞു. ബിഗ് ബോസ് എന്താണെന്ന് അറിവില്ലായ്മ കൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഇപ്പോൾ ബിഗ് ബോസ് കാണുമ്പോഴാണറിയുന്നത്, എല്ലാവരും ഒരു മുറിയിൽ കിടക്കണമെന്നത്. രാവിലെ പോയിട്ട് വൈകിട്ട് വരാം. 120 ദിവസം നിൽക്കാൻ 120 കോടി വേണം.'- ഷീല തമാശരൂപേണെ പറഞ്ഞു. ഏത് ഭാഷയിൽ പ്രക്ഷേപണം ചെയ്യുന്ന ഷോയിൽ നിന്നാണ് കോൾ വന്നതെന്ന് ഷീല വെളിപ്പെടുത്തിയില്ല.