പത്താം ക്ലാസ് പാസായവർക്ക് കേരള ഹൈക്കോടതിയുടെ കീഴിൽ ജോലി നേടാം; 65 വയസ് കഴിയാത്തവർ ഉടൻ അപേക്ഷിക്കൂ

Wednesday 05 November 2025 12:47 PM IST

ഡിജിറ്റൈസേഷൻ ഓഫീസർ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് കേരള ഹൈക്കോടതി. ആകെ 255 ഒഴിവുകളാണുള്ളത്. ഈ മാസം 23 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം 30, കൊല്ലം 25, പത്തനംതിട്ട 10, ആലപ്പുഴ 20, കോട്ടയം 15, തൊടുപുഴ 10, എറണാകുളം 40, തൃശൂര്‍ 20, പാലക്കാട് 15, മഞ്ചേരി 10, കോഴിക്കോട് 25, കല്‍പ്പറ്റ 10, തലശേരി 15, കാസര്‍കോട് 10 എന്നിങ്ങനെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഉദ്യോഗാർത്ഥിയുടെ പ്രായം 65ന് താഴെയായിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിദിനം 1,160 രൂപയാണ് ശമ്പളം. ഉദ്യോഗാർത്ഥികൾക്ക് മലയാളത്തിലും ഇംഗ്ലീഷിലും എഴുതാനും വായിക്കാനുമുള്ള കഴിവുണ്ടായിരിക്കണം. മാത്രമല്ല, താൽക്കാലിക കോടതികൾ ഉൾപ്പെടെ കേരള ഹൈക്കോടതി/ ജില്ലാ ജുഡീഷ്യറിയിൽ ജുഡീഷ്യൽ സൈഡ് ക്ലറിക്കൽ ജോലിയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷിക്കാൻ ഫീസ് ആവശ്യമില്ല. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. ഉദ്യോഗാർത്ഥികളുടെ എണ്ണം ഷോർട്ട്‌ലിസ്റ്റ് ചെയ്യാനുള്ള അവകാശം ഹൈക്കോടതിക്കാണ്.