'ഒരു സംസ്ഥാനം തട്ടിയെടുത്ത കഥ'; ഹരിയാന ഹൈഡ്രജൻ ബോംബ് പുറത്തുവിട്ട് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിലെ എല്ലാ തിരഞ്ഞടുപ്പുകളിലെയും കണക്കുകൾ ചൂണ്ടിക്കാട്ടിയത് കോൺഗ്രസിന്റെ വിജയമാണ്. തിരഞ്ഞെടുപ്പിന് ശേഷമുള്ള എക്‌സിറ്റ് പോൾ പ്രവചനങ്ങളും കോൺഗ്രസിന്റെ വിജയമാണ് എടുത്തുകാട്ടിയത്. ഹരിയാനയിലെ ചരിത്രത്തിലാദ്യമായി യഥാർത്ഥ വോട്ടിംഗിനേക്കാളും പോസ്റ്റൽ വോട്ടുകൾ വ്യത്യസ്തമായിരുന്നുവെന്നും ഒരു സംസ്ഥാനത്തെ മുഴുവനായി തട്ടിയെടുത്തുവെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ കണക്കുകൾ സഹിതം ആരോപിച്ചു.
'ഹരിയാനയിലെ തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള എല്ലാ കാര്യങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് തിരഞ്ഞെടുപ്പിന് രണ്ടുദിവസത്തിനുശേഷം എന്തടിസ്ഥാനത്തിലാണ് ഹരിയാന മുഖ്യമന്ത്രി പറഞ്ഞത്. കോൺഗ്രസ് പാർട്ടി ജയിക്കുമെന്ന് എക്‌സിറ്റ് പോളുകളടക്കം എല്ലാ കണക്കുകളും വ്യക്തമാക്കിയപ്പോൾ എങ്ങനെയാണ് അദ്ദേഹത്തിന് അത്തരത്തിൽ പറയാനായത്? 22,000 വോട്ടിനാണ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടത്. ഒരു യുവതി പത്ത് ബൂത്തുകളിലായി 22 തവണ വോട്ട് ചെയ്തു. ഇത് കേന്ദ്രീകൃത ഓപ്പറേഷനാണ്. ഇത് ബൂത്ത് ലെവലിൽ നടന്ന പ്രവർത്തനം അല്ല. ഈ യുവതി ബ്രസീലിയൻ മോഡലാണ്. 25 ലക്ഷം വോട്ട് കൊള്ളയുടെ ഒരു ഉദാഹരണമാണ് ഈ യുവതി. ഹരിയാനയിലെ വോട്ടർ പട്ടികയിൽ ഈ യുവതി ഇടം പിടിച്ചതെങ്ങനെ?
അഞ്ച് ലക്ഷത്തിലധികം ഡ്യൂപ്ളിക്കേറ്റ് വോട്ടർമാരാണ് ഹരിയാനയിൽ ഉണ്ടായിരുന്നത്. വ്യാജ വിലാസങ്ങൾ 93ത്തിലധികവും. 19 ലക്ഷത്തിലധികം ബൾക്ക് വോട്ടുകൾ. ഫോം ആറും ഏഴും ദുരുപയോഗം ചെയ്തു. ഇതിന്റെയെല്ലാം വ്യക്തമായ തെളിവുകളുണ്ട്. ഹരിയാനയിൽ രണ്ട് കോടി ജനങ്ങളാണുള്ളത്. അതിൽ 25 ലക്ഷം കള്ളവോട്ടുകൾ നടന്നു. എട്ടിൽ ഒന്ന് വോട്ടർമാർ വ്യാജന്മാരാണെന്നാണ് ഇത് തെളിയിക്കുന്നത്.
നൂറ് വോട്ടുകൾ ചെയ്തത് ഒരേ ഫോട്ടോയിലുള്ളയാൾ. ഒരു ലക്ഷത്തിലധികം വോട്ടുകൾ വ്യാജ ഫോട്ടോ ഉപയോഗിച്ച് നടന്നു. ആർക്കുവേണമങ്കിലും വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കുകയായിരുന്നു ഇങ്ങനെ. 'ഓപ്പറേഷൻ സർക്കാർ ചോരി' ആണ് ഹരിയാനയിൽ നടന്നത്. കോൺഗ്രസിനെ പരാജയപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു. ബൂത്തുകളിലെ സിസിടിവി രേഖകൾ അവർ നശിപ്പിച്ചു.
വ്യാജന്മാരെ നീക്കിയാൽ സത്യസന്ധമായ തിരഞ്ഞെടുപ്പ് നടക്കും. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അവരെ നീക്കാത്തത്. കമ്മിഷന് സത്യസന്ധമായ തിരഞ്ഞെടുപ്പ് നടത്താൻ ആഗ്രഹമില്ല. ആയിരക്കണക്കിന് ബിജെപി പ്രവർത്തകരും നേതാക്കളും ഹരിയാനയിലും ഉത്തർപ്രദേശിലും വോട്ട് ചെയ്തു. ജയിക്കാൻ വേണ്ടി വ്യാപകമായി വോട്ട് ചേർക്കുമെന്ന് കേരളത്തിലെ ബിജെപി വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ഹൗസ് നമ്പർ സീറോ, വീടില്ലാത്തവർക്കാണ് എന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞത്. എന്നാൽ ഇവർ യഥാർത്ഥത്തിൽ വീടില്ലാത്തവർ അല്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ കള്ളം പറയുന്നതിന്റെ തെളിവാണിത്'- രാഹുൽ ഗാന്ധി ആരോപിച്ചു.