ലോഡ്‌ജ് മുറിയിൽ 20 ലക്ഷം രൂപയുടെ എംഡിഎംഎ; മലപ്പുറത്ത് കായികാദ്ധ്യാപകൻ പിടിയിൽ

Wednesday 05 November 2025 2:35 PM IST

മലപ്പുറം: വിൽപ്പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 416 ഗ്രാം എംഡിഎംഎയുമായി കായികാദ്ധ്യാപകൻ പിടിയിൽ. മലപ്പുറം കുട്ടിലങ്ങാടി കടുങ്ങോത്ത് സ്വദേശി ചേലോടൻ മുജീബ് റഹ്മാനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്‌തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അങ്ങാടിപ്പുറം പുത്തനങ്ങാടിയിൽ എംഇഎസ് ആശുപത്രിക്ക് സമീപം പ്രതി താമസിച്ചിരുന്ന ലോഡ്‌ജിൽ നടത്തിയ പരിശോധനയിലാണ് 20 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎ കണ്ടെത്തിയത്.

ഡാൻസാഫ് എസ്‌ഐ ഷിജോ സി തങ്കച്ചനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ജില്ലയിലും പുറത്തുമായി നിരവധി സ്‌കൂളുകളിൽ ഇയാൾ കായികാദ്ധ്യാപകനായി ജോലി ചെയ്‌തിട്ടുണ്ട്. ഒരു വർഷം മുമ്പാണ് ഇയാൾ ലഹരിക്കടത്ത് തുടങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ഇയാൾ എംഡിഎംഎ, മെത്താഫിറ്റമിൻ തുടങ്ങിയ സിന്തറ്റിക്ക് ലഹരിമരുന്നുകൾ വൻതോതിൽ എത്തിക്കുന്നത്.

പ്രത്യേക കാരിയർമാർ വഴിയാണ് ലഹരിക്കടത്ത് സംഘം പ്രവർത്തിക്കുന്നത്. കളിപ്പാട്ടങ്ങളിൽ ഉൾപ്പെടെ ഒളിപ്പിച്ചാണ് ജില്ലയുടെ പല ഭാഗത്തേക്കും ലഹരി വസ്‌തുക്കൾ എത്തിക്കുന്നത്. ഹൈവേ പരിസരങ്ങളും പ്രത്യേക സ്‌പോട്ടുകളുമാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. ലഹരിക്കടത്ത് സംഘത്തിലെ മറ്റ് കണ്ണികളെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.