ബിരുദമുളളവർക്ക് പ്രമുഖ ബാങ്കിൽ ഉന്നതജോലി വാങ്ങാം,​ മാസശമ്പളം 85000 രൂപ; ജീവിതം സെറ്റാകും

Wednesday 05 November 2025 2:48 PM IST

പഞ്ചാബ് നാഷണൽ ബാങ്കിൽ ലോക്കൽ ബാങ്ക് ഓഫീസറാകാൻ (എൽബിഒ) സുവർണാവസരം. 750 ഒഴിവുകളാണുളളത്. നവംബർ 23 വരെയാണ് അപേക്ഷിക്കാൻ അവസരമുളളത്. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈ​റ്റിൽ പ്രവേശിച്ച് അപേക്ഷിക്കാവുന്നതാണ്. വിവിധ സംസ്ഥാനങ്ങളിലായാണ് ഒഴിവുകളുളളത്.

അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഏത് സംസ്ഥാനത്തെ ഒഴിവാണോ തിരഞ്ഞെടുക്കുന്നത് അവിടെ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുണ്ടായിരിക്കണം. 20നും 30നു ഇടയിൽ പ്രായമുളളവരാണ് അപേക്ഷിക്കേണ്ടത്. എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അപേക്ഷാഫീസായി 59രൂപയും ജനറൽ വിഭാഗത്തിൽപ്പെട്ടവർ അപേക്ഷാഫീസായി 1180 രൂപയും സമർപ്പിക്കേണ്ടതാണ്.

ഓൺലൈൻ എഴുത്തുപരീക്ഷ, ലോക്കൽ ലാംഗ്വേജ് പ്രൊവിഷൻസി ടെസ്​റ്റ് എന്നിവയിൽ വിജയിക്കുന്നവരെ അഭിമുഖത്തിനായി വിളിക്കും. തുടർന്നായിരിക്കും തിരഞ്ഞെടുത്തവരുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുക. എൽബിഒ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 48,480 മുതൽ 85,920 രൂപ വരെ ശമ്പളം ലഭിക്കും.

ഒഴിവുകൾ

ആന്ധ്രാപ്രദേശ്- അഞ്ച് ഗുജറാത്ത്- 95 കർണാടക- 85 മഹാരാഷ്ട്ര- 85 തെലങ്കാന- 88 തമിഴ്നാട്- 85 പശ്ചിമബംഗാൾ- 90 ജമ്മുകാശ്മീർ- 20 ലഡാക്- മൂന്ന് അരുണാചൽപ്രദേശ്- അഞ്ച് അസാം- 86 മണിപ്പൂർ- എട്ട് മോഘാലയ- എട്ട് മിസോറാം- അഞ്ച് നാഗാലാൻഡ്- അഞ്ച് സിക്കിം- അഞ്ച് ത്രിപുര- 22

അപേക്ഷിക്കേണ്ട വിധം 1. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈ​റ്റിൽ പ്രവേശിച്ച് റിക്രൂട്ട്‌മെന്റ്, കരിയേഴ്സ് എന്ന ഭാഗത്തേക്ക് പോകുക. 2. ആവശ്യമായ വിവരങ്ങൾ ചേർത്ത് ആപ്ലിക്കേഷൻ ഫോം പൂർത്തിയാക്കുക. 3. ഉദ്യോഗാർത്ഥിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ, പ്രവർത്തിപരിചയം, ഒപ്പ് എന്നിവ ചേർക്കുക. 4. അപേക്ഷാ ഫീസ് അടയ്ക്കുക. 5. സമർപ്പിച്ച ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.