'നുണകളുടെയും തെറ്റായ വ്യാഖ്യാനങ്ങളുടെയും ഗവേഷണ കേന്ദ്രമായി മാറിയിരിക്കുകയാണ് രാഹുൽ ഗാന്ധി'
ന്യൂഡൽഹി: ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ തള്ളി കേന്ദ്രമന്ത്രി കിരൺ റിജിജു. ബീഹാർ തിരഞ്ഞെടുപ്പിലെ പരാജയം മറയ്ക്കാനാണ് രാഹുൽ ഗാന്ധിയുടെ ഇത്തരത്തിലുള്ള നീക്കം. കോൺഗ്രസ് ജയിക്കുമെന്ന എക്സിറ്റ് പോളുകളെ ഞങ്ങൾ ചോദ്യം ചെയ്തിട്ടില്ല. ബിജെപി ജയിച്ചത് അവർക്ക് അംഗീകരിക്കാനാകാത്തത് കൊണ്ടാണ് ഇത്തരത്തിൽ ആരോപണങ്ങൾ ഉയർത്തുന്നതെന്നും കിരൺ റിജിജു പറഞ്ഞു.
'ബീഹാർ തിരഞ്ഞെടുപ്പിലെ വരാനിരിക്കുന്ന തകർപ്പൻ തോൽവിയിൽ നിന്ന് തല രക്ഷിക്കാനുള്ള ശ്രമമാണ് രാഹുൽ നടത്തുന്നത് എന്നായിരുന്നു കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പ്രതികരിച്ചത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഹുൽ ഗാന്ധി രാജ്യത്തിന്റെ ഭരണഘടയിലും, ജനങ്ങളുടെ വോട്ടവകാശത്തിലും വിശ്വസിക്കുന്നില്ലെന്ന് എല്ലാവർക്കും അറിയാം. രാഹുൽ ഗാന്ധി പറയുന്നത് മാത്രമാണ് ശരിയെന്ന ആദർശ ലോകത്താണ് അദ്ദേഹം കഴിയുന്നത്. എന്നാൽ സത്യത്തിൽ അദ്ദേഹത്തിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ബീഹാർ തിരഞ്ഞെടുപ്പിലെ തോൽവി ഭയന്നിട്ടാണ്. ഓരോ തവണയും പുതിയ നുണകളുമായാണ് അവർ വരുന്നത്. നുണകളുടെയും തെറ്റായ വ്യാഖ്യാനങ്ങളുടെയും ഗവേഷണ കേന്ദ്രമായി മാറിയിരിക്കുകയാണ് രാഹുൽ ഗാന്ധി. ഇപ്പോൾ ആരും അദ്ദേഹത്തിന്റെ വാക്കുകൾ ഗൗരവമായി എടുക്കുന്നില്ല' എന്നും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.
'ഓപ്പറേഷൻ സർക്കാർ ചോരി' ആണ് ഹരിയാനയിൽ നടന്നത്. ഹരിയാനയിലെ ചരിത്രത്തിലാദ്യമായി യഥാർത്ഥ വോട്ടിംഗിനേക്കാളും പോസ്റ്റൽ വോട്ടുകൾ വ്യത്യസ്തമായിരുന്നു. ഇത് ഒരു സംസ്ഥാനത്തെ മുഴുവനായി തട്ടിയെടുക്കാൻ കാരണമായെന്നാണ് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ കണക്കുകൾ സഹിതം ആരോപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഒത്തുകളിച്ചുവെന്നും രാഹുൽ ആരോപിച്ചു. 2024ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 38 സീറ്റുകളും കോൺഗ്രസ് 37 സീറ്റുകളുമാണ് നേടിയത്.