സഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; തൃശൂരിൽ 39കാരന് 82 വർഷം കഠിന തടവ് വിധിച്ച് കോടതി

Wednesday 05 November 2025 4:42 PM IST

തൃശൂർ: സഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ 39കാരന് 82 വർഷം കഠിന തടവ്. കുന്നംകുളം പോക്‌സോ കോടതി ജഡ്‌ഡി എസ് ലിഷയാണ് ശിക്ഷ വിധിച്ചത്. മൂന്നര ലക്ഷം രൂപയും പ്രതി പിഴ അടയ്‌ക്കണം. പിഴത്തുക അതിജീവിതകൾക്ക് നൽകണം.

2024 ജൂലായിലാണ് പ്രതി പെൺകുട്ടികളെ പീഡനത്തിനിരയാക്കിയത്. വിവരമറിഞ്ഞ സ്‌കൂൾ അദ്ധ്യാപികയുടെ നി‌ർദേശപ്രകാരം പെൺകുട്ടികളുടെ മാതാവ് വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സിപിഒ ഷീജ ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. തുടർന്ന് വടക്കേക്കാട് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.

വടക്കേക്കാട് പൊലീസ് ഇൻസ്‌പെക്‌ടറായിരുന്ന കെ സതീഷ് രജിസ്റ്റർ ചെയ്‌ത കേസിൽ സബ് ഇൻസ്‌പെക്‌ടർ കെപി ആനന്ദാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെഎശ് ബിനോയ്, അഡ്വക്കേറ്റുമാരായ കെഎൻ അശ്വതി, ടിവി ചിത്ര എന്നിവരും പ്രോസിക്യൂഷന് സഹായത്തിനായി ജിഎസ്‌സി പിഒ മിനിമോളും ഹാജരായി.