150 കോടിയുടെ തട്ടിപ്പ്: പണം കവർന്നത് 'മണി ഹീസ്റ്റ്' കഥാപാത്രങ്ങളെ അനുകരിച്ച്, പറ്റിക്കപ്പെട്ടത് 300ലധികം പേർ
ന്യൂഡൽഹി: നെറ്റ്ഫ്ലിക്സ് ത്രില്ലർ സീരീസായ 'മണി ഹീസ്റ്റി'ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 150 കോടി രൂപയുടെ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിൽ. സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപം വാഗ്ദാനം ചെയ്ത് 300ലധികം പേരെ കബളിപ്പിച്ച അർപ്പിത്, പ്രഭാത്, അബ്ബാസ് എന്നിവരെയാണ് ഡൽഹി പൊലീസ് പിടികൂടിയത്.
തട്ടിപ്പിനായി സംഘാംഗങ്ങൾ 'മണി ഹീസ്റ്റ്' കഥാപാത്രങ്ങളുടെ പേരുകളാണ് ഉപയോഗിച്ചിരുന്നത്. നിയമ ബിരുദധാരിയായ അർപ്പിത് സംഘത്തലവനായ 'പ്രൊഫസർ' എന്ന പേരിലാണ് അറിയപ്പെട്ടത്. കമ്പ്യൂട്ടർ സയൻസ് ബിരുദാനന്തര ബിരുദധാരിയായ പ്രഭാത് വാജ്‌പേയി 'അമാൻഡ' എന്ന പേരിലും, അബ്ബാസ് 'ഫ്രെഡ്ഡി' എന്ന പേരിലുമാണ് തട്ടിപ്പ് നടത്തിയത്.
സോഷ്യൽ മീഡിയയിൽ രഹസ്യ ഗ്രൂപ്പുകൾ ഉണ്ടാക്കി ഉയർന്ന വരുമാനം വാഗ്ദാനം ചെയ്താണ് ഇവർ നിക്ഷേപകരെ ആകർഷിക്കുന്നത്. തുടക്കത്തിൽ ചെറിയ ലാഭം നൽകി ആളുകളുടെ വിശ്വാസം നേടിയെടുക്കും. അതിനു ശേഷം വലിയ തുക നിക്ഷേപിക്കുമ്പോൾ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യും. പണം പിൻവലിക്കാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തി കൂടുതൽ പണം നിക്ഷേപിക്കാൻ നിർബന്ധിക്കുന്നതാണ് ഇവരുടെ രീതി.
നോയിഡ, സിലിഗുരി എന്നിവിടങ്ങളിൽ പൊലീസ് നടത്തിയ റെയ്ഡുകളിൽ മൊബൈൽ ഫോണുകളും ബാങ്ക് രേഖകളും അടക്കം നിരവധി തെളിവുകൾ പിടിച്ചെടുത്തിട്ടുണ്ട്. സംഘത്തിന് ചൈനീസ് പൗരന്മാരുമായി ബന്ധമുണ്ടെന്നും സമാനമായ രീതിയിൽ 23 കോടി രൂപ കൂടി തട്ടിയെടുത്തതായും പൊലീസ് അറിയിച്ചു. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ആരംഭിച്ചിട്ടുണ്ട്.