തദ്ദേശ തിരഞ്ഞെടുപ്പ് : അദ്ധ്യക്ഷസ്ഥാനം..... നറുക്കെടുപ്പ് വൈകുന്നു, സീറ്റ് ചർച്ച വഴിമുട്ടി
കോട്ടയം : തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷസ്ഥാനം ജനറൽ, സംവരണ വിഭാഗത്തിനോയെന്ന് തീരുമാനിക്കാനുള്ള നറുക്കെടുപ്പ് വൈകുന്നതിനാൽ മുന്നണികളുടെ സീറ്റ് ചർച്ചയും വഴിമുട്ടി. ഇടതുമുന്നണി ഘടക കക്ഷിയോഗം ഇന്നലെ നടന്നെങ്കിലും അദ്ധ്യക്ഷ സ്ഥാനം വനിതയോ, എസ്.സി എസ്.ടിയോ എന്ന് തീരുമാനിച്ച ശേഷം ചർച്ച നടത്താമെന്ന ധാരണയിൽ പിരിഞ്ഞു. ഇടതുമുന്നണി ഘടകകക്ഷികളുടെ ചില സീറ്റുകൾ വച്ചു മാറുന്നതും ചർച്ചയായി. സി.പി.ഐ ജയിച്ച വാകത്താനം കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ കൈവശമുള്ള അയർക്കുന്നം, കങ്ങഴ സീറ്റുകളുമായി വച്ചുമാറാൻ തയ്യാറാണെന്ന് അറിയിച്ചെങ്കിലും പാർട്ടി ചർച്ച ചെയ്ത് അറിയിക്കാമെന്ന മറുപടിയാണ് സി.പി.ഐ നേതാക്കൾ നൽകിയത്.
പത്തു സീറ്റ് വേണമെന്ന ആവശ്യം മാണി ഗ്രൂപ്പ് ഉന്നയിച്ചെങ്കിലും ഇടതുമുന്നണി സംസ്ഥാനകമ്മിറ്റി തീരുമാനിക്കേണ്ട വിഷയമാണെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു.
വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ജോസഫ്
യു.ഡി.എഫിൽ ജില്ലാ പഞ്ചായത്ത് സീറ്റ് ചർച്ച ആയിട്ടില്ല. കോൺഗ്രസ് 14 സീറ്റിലും കേരള കോൺഗ്രസ് ജോസഫ് എട്ടു സീറ്റിലുമാണ് കഴിഞ്ഞ തവണ മത്സരിച്ചത്. പുതിയതായി തലനാട് ഡിവിഷൻ വന്നതോടെ ഒരു സീറ്റ് കൂടുതൽ വേണമെന്ന ആവശ്യം ജോസഫ് വിഭാഗം ഉന്നയിച്ചിട്ടുണ്ട്. ജില്ലയിൽ ജോസഫ് വിഭാഗത്തിന് വലിയ സ്വാധീനമില്ലെന്നും ഒന്നു രണ്ട് സീറ്റുകളെങ്കിലും തിരിച്ചെടുക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാണെങ്കിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് ജോസഫ് ഗ്രൂപ്പ് നേതൃത്വം.
ബ്ലോക്കുകൾ വനിതകൾ ഭരിക്കും
71 പഞ്ചായത്തുകളിൽ 39 എണ്ണത്തിൽ പ്രസിഡന്റ് സ്ഥാനങ്ങൾ വിവിധ സംവരണ വിഭാഗത്തിലുള്ളവർക്കാണ്. 32 സീറ്റുകളാണ് ജനറൽ വിഭാഗത്തിൽ. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ 5 എണ്ണം സംവരണവും, 6 എണ്ണം ജനറലുമാണ് . ബ്ലോക്കിൽ വനിതാസംവരണം മാത്രമാണുള്ളത്. ഏതൊക്കെ ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകൾ സംവരണ വിഭാഗത്തിലെന്നത് സംബന്ധിച്ച വിജ്ഞാപനം അടുത്ത ദിവസം ഇറങ്ങിയേക്കും.
ജില്ലയിലെ സംവരണം ഇങ്ങനെ
ഗ്രാമപഞ്ചായത്ത്
വനിത : 33
പട്ടികജാതി : 3
പട്ടികജാതി സ്ത്രീ : 2
പട്ടിക വർഗം : 1
ബ്ലോക്ക് പഞ്ചായത്ത് : വനിത 5