റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന, രണ്ടെണ്ണം വീശിയാൽ പിടിച്ച് പുറത്താക്കും

Thursday 06 November 2025 1:26 AM IST

കോട്ടയം : ട്രെയിനുകളിലും, റെയിൽവേ സ്റ്റേഷനുകളിലും അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കിയതോടെ രണ്ടെണ്ണം വീശി ട്രെയിനിൽ കയറാൻ ഒരുങ്ങിയവർക്ക് പിടിവീണു തുടങ്ങി. ബാറിൽ നിന്ന് മദ്യപിച്ചും, കോളയിൽ മിക്സ് ചെയ്തും ട്രെയിനിൽ കയറാൻ ഒരുങ്ങിയവരെയാണ് ആർ.പി.എഫും റെയിൽവേ പൊലീസും ചേർന്ന് പിടികൂടിയത്. രണ്ട് ദിവസമായി റെയിൽവേ സ്റ്റേഷനിൽ ബ്രീത്ത് അനലൈസറുമായി പൊലീസുണ്ട്. സംശയം തോന്നിയാൽ ഊതിക്കും. പിടിവീണാൽ കോടതിയിൽ പിഴയും അടയ്ക്കണം. പിടിയിലായവരിൽ ദീർഘദൂര യാത്രക്കാരാണ് അധികവും. ട്രെയിൻ യാത്രയ്‌ക്കിടെ കുടിക്കാൻ പാകത്തിന് മിക്സ് ചെയ്ത് കൈയിൽ കരുതിയവരും,​ ബാഗിൽ വെള്ളക്കുപ്പിയും മദ്യവും സൂക്ഷിച്ചവരുമുണ്ടായിരുന്നു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവരെ ഊതിച്ചിട്ടില്ലെങ്കിലും അത്തരക്കാരും മദ്യപിച്ച് കയറുന്നുണ്ടെന്നാണ് റെയിൽവേ പൊലീസ് പറയുന്നത്.

യാത്ര മുടങ്ങും, പിഴയും

മദ്യപിച്ചെന്ന് കണ്ടെത്തിയാൽ യാത്ര അനുവദിക്കില്ല. ഇതിന് പുറമേയാണ് പിഴയടക്കം ലഭിക്കുക. റെയിൽവേ ഉദ്യോഗസ്ഥർ, ആർ.പി.എഫ്, റെയിൽവേ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടാഴ്ച നീളുന്ന പരിശോധന ക്യാമ്പയിനാണ് തുടക്കമായത്. യാത്രക്കാരെ ശല്യപ്പെടുത്തുന്നവർക്കെതിരെ നടപടിയുണ്ടാകും. യാചകരെ നിയന്ത്രിക്കും. മദ്യപിച്ച് പ്ലാറ്റ്‌ഫോമുകളിൽ അലഞ്ഞു തിരിയുന്നവരേയും കിടന്നുറങ്ങുന്നവരേയും പിഴയീടാക്കി വിട്ടയച്ചു.

 രണ്ട് ദിവസം പിടിയിലായത് : 15 പേർ

 പിഴ കോടതിയിൽ : 1000-10000 രൂപ

ജാമ്യമെടുക്കാൻ ആളെത്തണം

''കേരള എക്സ്പ്രസിലെ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മദ്യപിച്ചിട്ടുണ്ടോയെന്നറിയാനുള്ള പരിശോധന. ലഹരിക്കടത്തുകാരും പിടിയിലാകും.

-റെജി ജോസഫ്,​ റെയിൽവേ എസ്.എച്ച്.ഒ