'രാഹുല്‍ ഗാന്ധി നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശ്വാസ്യത തെളിയിക്കണം'

Wednesday 05 November 2025 8:15 PM IST

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ പിന്തുണച്ച് സിപിഎം. രാഹുല്‍ ഗാന്ധി നടത്തിയിരിക്കുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പ്രതികരിച്ചു. സമൂഹമാദ്ധ്യമമായ എക്‌സില്‍ പങ്കുവച്ച കുറിപ്പിലാണ് ബേബി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ തങ്ങളുടെ വിശ്വാസ്യത തെളിയിക്കണമെന്നും ബേബി ആവശ്യപ്പെട്ടു.

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്റെ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയിരിക്കുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. ഇതുവരേയും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കൃത്യമല്ലാത്ത മറുപടി നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന്റെ വിശ്വാസ്യതയില്‍ വലിയ കേടുപാടാണ് വരുത്തിയിട്ടുള്ളത്.

അതുകൊണ്ട് തന്നെ ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ബാദ്ധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഹരിയാനയിലെ തിരഞ്ഞെടുപ്പില്‍ നടന്ന അട്ടിമറി ആരോപണം തെറ്റാണെങ്കില്‍ അത് തെളിയിക്കാന്‍ തയ്യാറാകണം. - എക്‌സില്‍ എംഎ ബേബി കുറിച്ചു.

2024ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ അഭൂതപൂര്‍വമായ വോട്ടര്‍ തട്ടിപ്പ് നടന്നുവെന്നാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. സംസ്ഥാനത്തെ രണ്ട് കോടി വോട്ടര്‍മാരില്‍ നിന്ന് 25 ലക്ഷം വോട്ടുകള്‍ 'മോഷ്ടിക്കപ്പെട്ടു' എന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. ഇതിനര്‍ത്ഥം ഹരിയാനയിലെ ഓരോ എട്ട് വോട്ടര്‍മാരിലും ഒരാള്‍ കള്ളവോട്ടറാണ്, അതായത് 12.5 ശതമാനം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം രാഹുലിന്റെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത് വന്നിരുന്നു. ഹരിയാനയിലെ വോട്ടര്‍ പട്ടികയ്ക്കെതിരെ ഒരു അപ്പീല്‍ പോലും ലഭിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 90 നിയമസഭാ സീറ്റുകളുമായി ബന്ധപ്പെട്ട് നിലവില്‍ 22 തിരഞ്ഞെടുപ്പ് ഹര്‍ജികള്‍ മാത്രമാണ് നിലവിലുള്ളതെന്നും അധികൃതര്‍ അറിയിച്ചു. പോളിംഗ് ദിവസം കോണ്‍ഗ്രസിന്റെ പോളിംഗ് ഏജന്റുമാര്‍ എന്താണ് ചെയ്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചോദിച്ചു.