മലയിൻകീഴ്,മാറനല്ലൂർ,വിളവൂർക്കൽ,വിളപ്പിൽ മേഖലകളിൽ ഭീതിപരത്തി തെരുവ് നായ്ക്കൾ
മലയിൻകീഴ്: തെരുവ് നായ്ക്കളുടെ ആക്രമണം നാൾക്കുനാൾ വദ്ധിച്ചിട്ടും പരിഹാരം തേടിയുള്ള അധികൃതരുടെ ശ്രമങ്ങൾ എങ്ങുമെത്തിയിട്ടില്ല. പൊതുയിടങ്ങളിൽ താവളമടിച്ചിട്ടുള്ള നായ്ക്കൾ അപ്രതീക്ഷിതമായി ആക്രമിക്കുകയാണ് പതിവ്. കഴിഞ്ഞ ദിവസം രാവിലെ മലയിൻകീഴ് ഊരൂട്ടമ്പലം റോഡിൽ ഗേൾസ് സ്കൂളിന് സമീപം സ്കൂട്ടറിൽ പോകുകയായിരുന്ന ആളെ വാഹനത്തിന് പിന്നലെയെത്തി തെരുവുനായ ആക്രമിച്ചതാണ് ഒടുവിലത്തെ സംഭവം.ഒരു നായ കുരച്ച് ഓടുമ്പോൾ മറ്റ് നായ്ക്കളും കൂട്ടത്തോടെ പിന്നലെയെത്തി ആക്രമിക്കും.
മലയിൻകീഴ്,മാറനല്ലൂർ,വിളവൂർക്കൽ,വിളപ്പിൽ എന്നീ പഞ്ചായത്ത് പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും ആളുകൾ കൂടുന്ന ഇടങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യമുണ്ട്.മലയിൻകീഴ് താലൂക്ക് ആശുപത്രി,പൊതുമാർക്കറ്റ്, പഞ്ചായത്ത് ഓഫീസ്,സ്കൂൾ ഗേറ്റ്, ബസ് സ്റ്റാൻഡ് തുടങ്ങിയ ഇടങ്ങളിലെല്ലാം തെരുവുനായ്ക്കളാണ്. മാലിന്യനിക്ഷേപം വ്യാപകമായതിനാലാണ് തെരുവ് നായ്ക്കൾ ഇവിടെ താവളമടിക്കാൻ കാരണം.
ശല്യം നാൾക്കുനാൾ വർദ്ധിക്കുന്നു
വിളപ്പിൽശാല ഗവ.ആശുപത്രിക്ക് മുന്നിലും ഊറ്റുപാറ,മലയിൻകീഴ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഗേറ്റ്,ശ്രീകൃഷ്ണപുരം,മഞ്ചാട്,വി യന്നൂർക്കാവ്,ശാന്തുമൂല,കരിപ്പൂര്,പാലോട്ടുവിള,ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലും തെരുവ് നായ്ക്കളുടെ താവളമാണ്. മേപ്പൂക്കട,മലയിൻകീഴ് എന്നീ പൊതുമാർക്കറ്റുകളിൽ നായ്ക്കളുടെ കൂട്ടവും ശല്യവുമുണ്ട്. കനറാബാങ്ക്,മലയിൻകീഴ് സഹകരണ ബാങ്ക്,സെൻട്രൽ ബാങ്ക് എന്നിവയ്ക്ക് മുന്നിലെല്ലാം തെരുവ് നായ്ക്കളാണ്. രാത്രിയും പകലുമില്ലാതെ നായ്ക്കളുടെ ശല്യമുണ്ടിവിടെ. കാൽനട,വാഹന യാത്രക്കാരെല്ലാം ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.
മണപ്പുറം,മലയിൻകീഴ് -ശാന്തിനഗർ,കോട്ടമ്പൂര്-ശ്രീനാരായണ ലെയിൻ എന്നിവിടങ്ങളിലേക്ക് പോകുന്നിടത്തെല്ലാം നായ്ക്കളുടെ ശല്യമുണ്ട്.
ബുദ്ധിമുട്ടിലായി ജനങ്ങൾ
പുതിയ ആയുർവേദ ആശുപത്രി തെരുവ്നായ്ക്കൾ കൈയടക്കിയിട്ടുണ്ട്.രാത്രി കാലങ്ങളിൽ തെരുവ് നായ്ക്കളുടെ ഓരിയിടലും ബഹളവും കാരണം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാറുണ്ട്. മലയിൻകീഴ് ക്ഷേത്ര ജംഗ്ഷനിൽ കടകൾക്ക് മുന്നിൽ കൂട്ടമായി എപ്പോഴും നായ്ക്കളുണ്ടാകും.മലയിൻകീഴ് ഊരൂട്ടമ്പലം റോഡ്,പാപ്പനംകോട് റോഡ്,ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരം,മലയിൻകീഴ് ഗവ.എൽ.പി.ബി.എസ് എന്നീ സ്ഥലങ്ങൾ നായ്ക്കളുടെ താവളമായിട്ടുണ്ട്.പടവൻകോട്,പേയാട്-വിളപ്പിൽശാല റോഡ്,പേയാട്,പള്ളിമുക്ക്,മാർക്കറ്റ് ജംഗ്ഷൻ,വിളപ്പിൽശാല പൊതുമാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ നായ്ക്കളുടെ ശല്യമുണ്ട്.
ഫലമുണ്ടാകാത്ത പ്രവർത്തനങ്ങൾ
തെരുവ് നായ്ക്കളുടെ വന്ധ്യംകരണം നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായിട്ടില്ല. പ്രശ്മത്തിൽ അധികൃതർ ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നായ്ക്കളുടെ കടിയേൽക്കുന്നവർക്ക് സർക്കാർ ആശുപത്രികളിൽ പലപ്പോഴും ചികിത്സ ലഭ്യമാകാറില്ലത്രേ. കടിയേൽക്കുന്നവർ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.