ഐ.എസ്.ആർ.ഒയുടെ മറ്റൊരു മഹാജയം
ഇന്ത്യ ഇതുവരെ വിക്ഷേപിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരമുള്ള വാർത്താവിനിമയ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് ഐ.എസ് ആർ.ഒ കഴിഞ്ഞ ദിവസം പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. നാവികസേനയ്ക്ക് കരുത്തുപകരുക എന്ന നിർണായക ലക്ഷ്യം കൂടിയുള്ള സി.എം.എസ് - 03 എന്ന ഉപഗ്രഹമാണ് വിക്ഷേപിച്ചത്. ഐ.എസ്.ആർ.ഒയുടെ ഏറ്റവും വമ്പൻ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിൾ മാർക്ക് -3യിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയിസ് സെന്ററിൽ നിന്ന് കുതിച്ചുയർന്ന ഉപഗ്രഹം 16 മിനിട്ടിൽ സുരക്ഷിതമായി ഭ്രമണപഥത്തിലെത്തി. 4410 കിലോഗ്രാം ഭാരമുള്ള മൾട്ടിബ്രാൻഡ് വാർത്താ വിനിമയ ഉപഗ്രഹമായ സി.എം.എസ് -03 എന്ന ജിസാറ്റ് 7ആർ പ്രധാനമായും ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങൾക്കായി പതിനഞ്ച് വർഷത്തോളം പ്രവർത്തിക്കും.
നാവികസേനയ്ക്കു വേണ്ടി ഏത് ഉൾക്കടലിൽ നിന്നും ഈ ഉപഗ്രഹം തെളിമയാർന്ന ചിത്രങ്ങളും സിഗ്നലുകളും പിടിച്ചെടുത്ത് നൽകും. ശത്രുരാജ്യങ്ങളുടെ കടലിലെ നീക്കങ്ങളെ സൂഷ്മമായി നിരീക്ഷിച്ച് മുന്നറിയിപ്പ് നൽകാനും ഇത് ഉപകരിക്കും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഉപഗ്രഹത്തിന്റെ ചിത്രങ്ങളും കൂടുതൽ വിവരങ്ങളും ഐ.എസ് ആർ.ഒ പുറത്തുവിട്ടിട്ടില്ല. എൽ വി.എം 3 റോക്കറ്റിന്റെ അഞ്ചാം വിജയദൗത്യം കൂടിയായിരുന്നു ഈ വിക്ഷേപണം. ജിസാറ്റ് 7ആറിന്റെ വിക്ഷേപണ വിജയത്തോടെ ഇന്ത്യൻ നിർമ്മിത സി-25 ക്രയോജനിക്ക് സംവിധാനത്തിന്റെ റീ ഇഗ്നീഷ്യൻ എന്ന ചരിത്രനേട്ടം ഉതോടെ സാദ്ധ്യമായിരിക്കുകയാണെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. വി. നാരായണൻ പറഞ്ഞു.
ഒന്നിലധികം ഉപഗ്രഹങ്ങൾ ഇതുവഴി ഒന്നിച്ച് വ്യത്യസ്ത ഭ്രമണപഥത്തിലെത്തിക്കാൻ സാധിക്കും. ചെലവ് കുറയ്ക്കാനും അന്യരാജ്യങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും മറ്റും ഉപഗ്രഹങ്ങൾ ഒന്നിച്ചയയ്ക്കുന്നതിലൂടെ പുതിയ ബിസിനസ് സാദ്ധ്യതകൾ തുറക്കാനും കഴിയും. ഏഴ് പ്രധാന ദൗത്യങ്ങൾ കൂടി ഈ സാമ്പത്തിക വർഷം നടക്കുമെന്നാണ് ചെയർമാൻ അറിയിച്ചത്. ഐ.എസ് ആർ ഒയുടെ എല്ലാ നേട്ടത്തിലും മലയാളികൾക്കും അഭിമാനിക്കാൻ വകയില്ലാതിരിക്കില്ല. ഇത്തവണയും അതിൽ മാറ്റമുണ്ടായിട്ടില്ല. തൃശൂർ സ്വദേശി ടി.വിക്ടർ ജോസഫായിരുന്നു മിഷൻ ഡയറക്ടർ. സുരക്ഷാ കാരണങ്ങളാൽ 29,970 കിലോമീറ്റർ ഉയത്തിലേക്കാണ് ജിസാറ്റ്-7ആറിനെ തുടക്കത്തിൽ വിക്ഷേപിച്ചത്. ഇതിനെ 6000കിലോമീറ്റർ കൂടി മുകളിലേക്ക് ഉയർത്തി 36,000 കിലോമീറ്റർ ഉയരത്തിലുള്ള സ്ഥിരം ഭ്രമണപഥത്തിൽ സ്ഥാപിക്കാനുള്ള നടപടികൾ കൺട്രോൾ കേന്ദ്രം തുടങ്ങിക്കഴിഞ്ഞു. ആദ്യമായാണ് നാല് ടണ്ണിലേറെ ഭാരമുള്ള ഉപഗ്രഹം 30,000 കിലോമീറ്റർ ഉയരത്തിലേക്ക് ഇന്ത്യ വിക്ഷേപിക്കുന്നത്.
ജിസാറ്റ് 7ആറിന്റെ വിക്ഷപണ വിജയത്തോടെ ഗഗൻയാൻ ഉൾപ്പെടെയുള്ള ഭാരമേറിയ ഉപഗ്രഹ വിക്ഷേപങ്ങൾ ഇന്ത്യയിൽത്തന്നെ നടത്താനാകുമെന്ന പ്രതീക്ഷയും ഉണർന്നിരിക്കുന്നു. ഏറ്റവും അഭിമാനകരമായ ചന്ദ്രയാൻ-3 നു ശേഷം മറ്റൊരു അഭിമാനകരമായ വിജയംകൂടി ഐ.എസ്.ആർ.ഒ നേടിയിരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഇന്ത്യ പ്രതിരോധ സുരക്ഷ വളരെയധികം വർദ്ധിപ്പിച്ചിരിക്കുന്ന വേളയിൽ നടന്ന ഈ ഉപഗ്രഹ വിക്ഷേപണം പ്രത്യേക പ്രാധാന്യം അർഹിക്കുന്നതാണ്. മൂന്നു വശവും കടലിനാൽ ചുറ്റപ്പെട്ട ഉപഭൂഖണ്ഡമായതിനാൽ ഇന്ത്യയുടെ അതിർത്തി കാക്കുന്നതിൽ കരസേനയോളം തന്ത്രപ്രധാന സ്ഥാനം നാവികസേനയ്ക്കുമുണ്ട്. അതിന് ഐ.എസ്.ആർ.ഒയുടെ 'ബാഹുബലി" എന്ന് വിളിപ്പേരുള്ള എൽ.വി.എം 3എം-5 റോക്കറ്റിൽ കുതിച്ചുയർന്ന ഭീമൻ ഉപഗ്രഹത്തിന് പ്രാപ്തിയുള്ളതായി കരുതാം. ഇതിനു പിന്നാലെയും വിക്ഷേപണ വിജയങ്ങളുമായി പുതിയ വീരചരിതങ്ങൾ ഐ.എസ്.ആർ.ഒ കുറിക്കട്ടെ എന്ന് ആശംസിക്കാം.