വിമാന യാത്രക്കാർക്ക് ആശ്വാസ വ്യവസ്ഥ
യാത്രകൾ ജീവിതത്തിന്റെ ഭാഗമാവുകയും, ജീവിതം ലോകത്തോളം തന്നെ വളരുകയും ചെയ്തതോടെയാണ് വിമാനയാത്രകൾ സാധാരണക്കാരുടെ കൂടി കാര്യമായി മാറിയത്. അതുകൊണ്ടുതന്നെ വിമാനയാത്രയുമായി ബന്ധപ്പെട്ട ഏതു കാര്യവും ഇന്ന് പ്രവാസികളുടെ മാത്രമല്ല, ബിസിനസുകാരുടെയും വിനോദസഞ്ചാരികളുടെയും കുടുംബങ്ങളുടെയുമൊക്കെ വിഷയമാണ്. വിദേശങ്ങളിൽ നിന്ന് നാട്ടിലേക്കും തിരിച്ചും യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്ന ഉത്സവ സീസണുകളിലെയും മറ്റും നിരക്കുകൊള്ളയുടെ വർത്തമാനങ്ങൾ മാത്രമാണ് പതിവായി കേൾക്കാറുള്ളതെങ്കിൽ, ടിക്കറ്റ് ബുക്കിംഗും റദ്ദാക്കലുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകൾ ഇളവുകളോടെ പരിഷ്കരിക്കുന്നതിന്റെ കരട് വ്യോമയാന ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത് ആകാശയാത്രികർക്ക് ആശ്വാസവും പ്രതീക്ഷയും പകരുന്നതാണ്.
വിമാന ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം 48 മണിക്കൂർ വരെയുള്ള സമയത്ത് അത് റദ്ദാക്കാനോ, യാത്രാ തീയതി മാറ്റിയെടുക്കാനോ അധിക ചാർജ് നൽകേണ്ടതില്ലാത്ത വിധത്തിലാണ് വ്യവസ്ഥകളിലെ പ്രധാന പരിഷ്കാരത്തിന് വഴിയൊരുങ്ങുന്നത്. അതായത്, ബുക്കിംഗിനു ശേഷം രണ്ടുദിവസംവരെയുള്ള ഇടവേളയിൽ ടിക്കറ്റ് ക്യാൻസൽ ചെയ്യേണ്ടിവരികയോ, തീയതി മാറ്റുകയോ വേണ്ടിവന്നാൽ യാത്രക്കാരന് ഒരുരൂപ പോലും നഷ്ടമാകില്ല. നിശ്ചയിച്ച യാത്ര പലപ്പോഴും മാറ്റിവയ്ക്കേണ്ടിവരുന്നത് ഉറ്റവരുടെ മരണമോ, അപകടമോ, ശസ്ത്രക്രിയകളോ പോലെ അടിയന്തര സാഹചര്യങ്ങളിലായിരിക്കും. അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ ഇത്തരം വേളകളിൽ യാത്ര റദ്ദാക്കേണ്ടിവരികയോ, നീട്ടിവയ്ക്കേണ്ടിവരികയോ ചെയ്യാം. ആ അടിയന്തര സാഹചര്യത്തിൽ ലഭിക്കുന്ന ഇത്തരം ഇളവുകൾ യാത്രക്കാരനെ സംബന്ധിച്ച് വലിയ ആശ്വാസം തന്നെയാണ്.
വിമാന ടിക്കറ്റ് നിരക്കുകളിൽ സേവർ ഫെയർ എന്നും ഫ്ളെക്സി എന്നും പൊതുവെ രണ്ടു വിഭാഗമുണ്ട്. യാത്രാനിരക്ക് താരതമ്യേന കുറവുള്ള ബഡ്ജറ്റ് എയർലൈനുകളിലാണ് സേവർ ഫെയർ സൗകര്യമുള്ളത്. ഈ വിഭാഗത്തിൽ ടിക്കറ്റ് ക്യാൻസലേഷനും തീയതി മാറ്റലിനും നിലവിൽ സൗകര്യമില്ല. ഫ്ളെക്സി സ്വഭാവമുള്ള ടിക്കറ്റുകളുടെ കാര്യത്തിൽ, ക്യാൻസലേഷനും തീയതി മാറ്റിയെടുക്കലും വേണ്ടിവരുമ്പോൾ ആഭ്യന്തര ടിക്കറ്റുകൾക്ക് 500 മുതൽ ആയിരം രൂപ വരെയും, വിദേശങ്ങളിലേക്കുള്ള ടിക്കറ്റുകൾക്ക് 2000 മുതൽ 5000 രൂപ വരെയുമാണ് നിലവിൽ നഷ്ടമാവുക. ബാക്കി തുകയേ തിരികെ ലഭിക്കൂ. പുതിയ വ്യവസ്ഥ അംഗീകരിക്കപ്പെട്ടാൽ 48 മണിക്കൂറിനകമാണ് ടിക്കറ്റ് റദ്ദാക്കലെങ്കിൽ മുഴുവൻ തുകയും തിരികെ ലഭിക്കും. അതേസമയം, എയർലൈൻ കമ്പനിയുടെ വെബ് സൈറ്റിലൂടെ ടിക്കറ്റ് എടുക്കുന്നവർക്കു മാത്രമായിരിക്കും ഈ ഇളവ്. ഗൾഫ് രാജ്യങ്ങളിലേക്കും മറ്റും യാത്രചെയ്യുന്ന സാധാരണക്കാരിൽ അധികം പേരും ട്രാവൽ ഏജൻസികൾ മുഖേനയോ ഇതര വെബ് സൈറ്റുകളിലൂടെ നേരിട്ടോ ബുക്കിംഗ് നടത്തുന്നവരാകും. ഇവർക്കു കൂടി ഈ ഇളവിന് അവസരമൊരുക്കിയാൽ ഡി.ജി.സി.എയുടെ പരിഷ്കാരം കൂടുതൽ ജനപ്രിയമാകും.
അതേസമയം, രാജ്യത്തിനകത്തെ യാത്രയ്ക്കായി അഞ്ചു ദിവസം മുമ്പ് ടിക്കറ്റെടുക്കുന്നവർക്കും, രാജ്യാന്തര സർവീസുകളിൽ 15 ദിവസത്തിനകം ടിക്കറ്റെടുക്കുന്നവർക്കും സൗജന്യ റദ്ദാക്കലിനോ, ടിക്കറ്റ് മാറ്റിയെടുക്കലിനോ സൗകര്യമുണ്ടാകില്ല. വൈകിയുണ്ടാകുന്ന ഒഴിവുകളിലേക്ക് പുതിയ ബുക്കിംഗ് ലഭിക്കാൻ സാദ്ധ്യത കുറയുമെന്നതാണ് കാരണം. അതുപോലെ തന്നെ, ടിക്കറ്റുകൾ റദ്ദാക്കിയാൽ പണം തിരികെ ലഭിക്കുന്നതിന് 30 ദിവസംവരെ വേണ്ടിവന്നിരുന്നത് 21 ദിവസമായി കുറയ്ക്കുന്നതാണ് പുതുക്കുന്ന വ്യവസ്ഥകളിലൊന്ന്. ഇത് എയർലൈൻ കമ്പനികളുടെ ഉത്തരവാദിത്വമായിരിക്കും. എന്തായാലും, ആകാശയാത്രകളുടെ കാര്യത്തിൽ യാത്രികരുടെ താത്പര്യങ്ങൾക്ക് ഒരിക്കലും മുൻതൂക്കം കിട്ടാറില്ലെന്ന പരാതിക്ക് വലിയൊരളവ് പരിഹാരമാകുന്നതാണ് നിർദ്ദിഷ്ട വ്യവസ്ഥകൾ. നേരത്തേ സൂചിപ്പിച്ചതുപോലെ, എയർലൈൻ കമ്പനികളുടെ വെബ്സൈറ്റുകളിലൂടെയല്ലാതെ ടിക്കറ്റ് ബുക്ക് ചെയ്തവർക്കും അധികചാർജ് ഒഴിവാകുന്ന ആനുകൂല്യം ലഭിക്കുന്ന വിധത്തിൽ വ്യവസ്ഥയിൽ ഭേദഗതി വരുത്തി, എത്രയും വേഗം പ്രാബല്യത്തിൽ വരുത്തുകയാണ് വേണ്ടത്.