മത്സ്യക്കൃഷിയിൽ ഉണർവുമായി വെള്ളറട
വെള്ളറട: മത്സ്യക്കൃഷിയിൽ ഉണർവുമായി വെള്ളറട ഗ്രാമപഞ്ചായത്ത്. മലയോരത്ത് മറ്റു കൃഷികളൊന്നും ചെയ്ത് ഉപജീവനം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രദേശത്ത് കൂടുതൽ പേർ മത്സ്യക്കൃഷിയിലേക്ക് തിരിഞ്ഞത്. ഇവർക്കുവേണ്ട സഹായവുമായി പഞ്ചായത്തും ഫിഷറീസ് ഡിപ്പാർട്ടുമെന്റും സംയുക്തമായി കൈകോർത്തിട്ടുണ്ട്. വിവിധ വർഡുകളിലായി 50 ഓളം പേർ ഇന്ന് മത്സ്യക്കൃഷി ചെയ്ത് ഉപജീവനം കണ്ടെത്തുന്നവരാണ്. ഇതോടൊപ്പം പഞ്ചായത്തിന്റെ അധീനതയിലുള്ള പൊതുകുളങ്ങളും കുടുംബശ്രീകളുടെ സഹകരണത്തോടെ മത്സ്യകൃഷി ചെയ്തുവരുകയാണ്.
പഞ്ചായത്തിലെ ആറാട്ടുകുഴി ചിറത്തലയ്ക്കൽ കുളം,നൂലിയംകുളം,വേങ്കോട് കുളം, കാട്ടുകുളം, അരുവോട്ടുകോണം കുളം എന്നിവിടങ്ങളിലാണ് കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ മത്സ്യ കൃഷി ചെയ്യുന്നത്. ഫിഷറീസ് ഡിപ്പാർട്ട്മെന്റ് മത്സ്യക്കുഞ്ഞുങ്ങളെ നൽകുമ്പോൾ പഞ്ചായത്ത് മത്സ്യ കൃഷിചെയ്യുന്ന കർഷകന് പ്രാഥമിക സൗകര്യം ഒരുക്കാൻ 70000 രൂപയാണ് സബ്സിഡിയായി നൽകുന്നത്. ഉത്പാദനക്ഷമതയുള്ള മത്സ്യങ്ങളാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.
ഫിഷറീസ് വകുപ്പ് നൽകിയ മീൻ കുഞ്ഞുങ്ങളെ ചിറത്തലയ്ക്കൽ കുളത്തിൽ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടന കർമ്മം വെള്ളറട പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി.മംഗളദാസ് നിർവഹിച്ചു. ഫിഷറീസ് വകുപ്പിലെ രഞ്ജിത്ത്.ആർ.ഐ, പ്രമോട്ടർ ബദർ നിസ, സി.ഡി.എസ് മെമ്പർ സുനിത.ആർ.എസ്,മേറ്റ്മരായ ശാലിനി,ലാലി മണി, സുധ, തങ്കമണി, സതി, പൗർണമി തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
മത്സ്യക്കൃഷി സജീവം
കരിമീൻ, സ്ളോപ്പിയ, ചെമ്പല്ലി, റോബ്, മുഷി തുടങ്ങിയവയാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ചെറുകിട കർഷകർ കൃഷിചെയ്യുന്ന മത്സ്യങ്ങൾ മൊത്തമായി ഏറ്റെടുക്കാൻ വൻകിട ഹോട്ടൽ നടത്തുപ്പുകാർ തയ്യാറുള്ളതിനാൽ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്ന മത്സ്യങ്ങൾ വളരെ പെട്ടെന്നുതന്നെ വിറ്റഴിക്കാനും കഴിയും. കുടുംബശ്രീ കൃഷിചെയ്യുന്ന പൊതുകുളങ്ങളിലെ മത്സ്യങ്ങൾ പരസ്യമായി ലേലം ചെയ്യും.
കാട്ടിൽ നിന്നും കൂട്ടമായെത്തുന്ന വാനരൻമാരും കാട്ടുപന്നിയും മറ്റു കൃഷികളെല്ലാം നശിപ്പിക്കുന്നതിനാൽ മലയോരത്ത് കൃഷി ചെയ്യാനാകാത്ത സാഹചര്യത്തിൽ കൂടുതൽ പേർ മത്സ്യക്കൃഷിയെ ആശ്രയിക്കും.
വളർത്തുമത്സ്യങ്ങൾക്ക് ഡിമാന്റേറെ
മത്സ്യകൃഷിചെയ്യുന്ന കർഷകർക്ക് ആവശ്യമായ പരിരക്ഷ ഫിഷറിസ് ഡിപ്പാർട്ട്മെന്റിൽ നിന്നും യഥാസമയം ലഭിക്കുന്നതിനാൽ മത്സ്യങ്ങൾക്ക് രോഗങ്ങൾ വരാതെ സംരക്ഷിക്കാനാകും.
ഇപ്പോൾ വളർത്തുമത്സ്യങ്ങൾക്ക് നല്ല ഡിമാന്റുള്ളതുകാരണം കർഷകന് വിലയും ന്യായമായി ലഭിക്കുന്നു. കടൽ മത്സ്യങ്ങളുടെ ലഭ്യതക്കുറവും വിലകൂടുതലും വ്യാപകമായി രാസവസ്തുക്കൾ ചേർത്ത് വിൽപ്പനയ്ക്ക് എത്തിക്കുന്നതിനാൽ ഉപഭോക്താക്കളും വളർത്തു മത്സ്യങ്ങളെ ആശ്രയിക്കുകയാണ്.