പതിനാറുകാരന് മർദ്ദനം; പിതാവ് അറസ്റ്റിൽ
Thursday 06 November 2025 1:13 AM IST
മാന്നാർ: പതിനാറുകാരനായ മകനെ മർദ്ദിച്ച പിതാവിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. എണ്ണയ്ക്കാട് സ്വദേശി സുനീഷാണ് (40) അറസ്റ്റിലായത്. ഭാര്യയുടെ വീട്ടിൽ ആയിരുന്ന മകനെ അവിടെയെത്തി കൂട്ടിക്കൊണ്ടു പോകാനായി ശ്രമിച്ചപ്പോൾ കൂടെ പോകാൻ തയ്യാറാകാതിരുന്ന മകനെ കഴുത്തിന് കുത്തി പിടിച്ച് മർദിച്ചതായാണ് കേസ്. പരിക്കേറ്റ പതിനാറുകാരൻ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് മാതാവ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാന്നാർ പൊലീസ് എസ്.എച്ച്.ഒ ഡി.രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.