കോർപറേഷനിൽ മുമ്പെ ഒരുങ്ങാൻ കോൺഗ്രസ് പേരുകളിൽ ആദ്യഘട്ട ചർച്ച ഇന്ന് പൂർത്തിയാകും
കണ്ണൂർ: കോർപറേഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിനുള്ള ഡിവിഷൻതല പ്രാഥമിക യോഗങ്ങൾ ഇന്ന് പൂർത്തിയാകും. കഴിഞ്ഞ തവണ കോൺഗ്രസ് മത്സരിച്ച 38 ഡിവിഷനുകളിലും പുതുതായി രൂപീകരിച്ച കാഞ്ഞിര ഡിവിഷനിലും ഉൾപ്പെടെ പ്രാഥമികഘട്ട ചർച്ചകൾ പൂർത്തിയാക്കാനാണ് ഡി.സി.സിയുടെ നിർദേശം.
രണ്ട് ദിവസങ്ങളിലായി കാഞ്ഞിര ,കൊറ്റാളി, തളാപ്പ് ടെമ്പിൾ, വെത്തിലപള്ളി, കാപ്പാട്, പള്ളിക്കുന്ന്, സൗത്ത് ബസാർ, ചൊവ്വ, വാരം, എടചൊവ്വ, മേലെചൊവ്വ, തായത്തേരു, ആറ്റടപ്പ, എടക്കാട്, പള്ളിപ്പൊയിൽ, തിലാനൂർ, ഉദയംകുന്ന്, അത്താഴക്കുന്ന് ഡിവിഷനുകളിലാണ് സ്ഥാനാർത്ഥിക്കായുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായത്. ശേഷിക്കുന്ന 20 ഡിവിഷനുകളിൽ ഡിവിഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്ന് തീരുമാനമെടുക്കും.
അമൃതരാമകൃഷ്ണൻ പിന്മാറി?
.പ്രാഥമിക ചർച്ച പൂർത്തിയായ ടെമ്പിൾ വാർഡിൽ സ്ഥാനാർത്ഥിയാകുമെന്ന് കരുതിയിരുന്ന കെ.പി.സി സി അംഗം അമൃതാ രാമകൃഷ്ണൻ മത്സരത്തിനില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. പള്ളിക്കുന്നിൽ പ്രീത വിനോദ്, കൊക്കേൻപാറ കെ. സി ശ്രീജിത്ത്, കാപ്പാട് ഡിവിഷനിൽ കെ.പി.രമേശൻ, കെ.കെ.നാരായണൻ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. കൊറ്റാളിയിൽ ആശ രാജീവൻ, എ.ടി.സുമ, ഉഷാകുമാരി എന്നിവരുടെ പേരുകൾ ഉയർന്നുവന്നിട്ടുണ്ട്.ഡിവിഷൻ എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് പുറമെ ബ്ലോക്ക് പ്രസിഡന്റ്, ചുമതലയുള്ള ജില്ലാ ഭാരവാഹികൾ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. കൂടുതൽ തർക്കങ്ങളില്ലാതെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പൂർത്തിയാക്കണമെന്നാണ് കോർപറേഷൻ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന പ്രവർത്തകസമിതി അംഗം കെ.സുധാകരൻ എം.പിയുടെ നിർദേശം.