ഭക്ഷ്യക്കൂപ്പൺ അടിച്ചുമാറ്റിയ കൗൺസിലർക്കെതിരെ ജാമ്യമില്ലാ കേസ്
ചേർത്തല:അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് നഗരസഭ നൽകിയ ഭക്ഷ്യക്കൂപ്പൺ അടിച്ചു മാറ്റിയ കോൺഗ്രസ് കൗൺസിലർക്കെതിരെ പൊലീസ് കേസെടുത്തു. വിശ്വാസവഞ്ചനയിലൂടെയും ചതിയിലൂടെയും സ്വാർത്ഥ ലാഭത്തിന് കുറ്റകൃത്യം ചെയ്തതിന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.
നഗരസഭ 25ാം വാർഡ് കൗൺസിലർ എം.എ സാജുവിനെതിരെ 1514/2025 നമ്പറായി ബുധൻ രാത്രിയാണ് ചേർത്തല പൊലീസ് കേസെടുത്തത്. വാർഡിലെ പദ്ധതി ഗുണഭോക്താക്കൾക്ക് നൽകാനായി നഗരസഭയിൽനിന്ന് രജിസ്റ്ററിൽ ഒപ്പിട്ട് കൈപ്പറ്റിയ കൂപ്പൺ അടിച്ചുമാറ്റിയെന്നാണ് കേസ്. ഭാരതീയ നിയമസംഹിതയിലെ 316(3), 316(5), 318(4) വകുപ്പുകൾ ചുമത്തി 1514/2025 നമ്പറിൽ എഫ്.ഐ.ആർ രജിസ്റ്റർചെയ്തത്.നഗരസഭാ സെക്രട്ടറിയുടെ മൊഴിപ്രകാരമാണ് കേസ്. മൂന്ന് വകുപ്പുകളും ജാമ്യമില്ലാത്തവയാണ്. വാർഡിൽ അതിദരിദ്രരുടെ പട്ടികയിലുണ്ടായിരുന്ന ചന്ദ്രനന്ദമഠത്തിൽ ആനന്ദകുമാറിന്റെയും മറ്റൊരു വയോധികയുടെയും കൂപ്പണാണ് സാജു തട്ടിയെടുത്തത്.