ട്രെയിനുകളിലെ അതിക്രമം ജില്ലയിൽ പരിശോധന ശക്തം
ആലപ്പുഴ: വർക്കലയിൽ പെൺകുട്ടി ട്രെയിനിൽ നേരിട്ട അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന ശക്തമാക്കി. ആർ.പി.എഫ്, ജി.ആർ.പി എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടന്നു. ആറുപേരടങ്ങുന്ന മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ്
ട്രെയിനുകളിൽ പരിശോധന നടത്തുന്നത്. പ്ലാറ്റ്ഫോമുകളിലും ഉദ്യോഗസ്ഥരുണ്ട്. ജില്ലയിൽ അരൂർ മുതൽ കായംകുളം വരെയുംതിരിച്ചും ഉദ്യോഗസ്ഥർ ട്രെയിനിൽ യാത്ര ചെയ്ത് പരിശോധന നടത്തുന്നുണ്ട്.
മദ്യപിച്ച് ട്രെയിനിൽ കയറിയവർക്കടക്കം ഇന്നലെ നടപടി എടുത്തിരുന്നു. പെറ്റി കേസുകളാണ് എടുത്തിട്ടുള്ളത്.
ലേഡീസ് കമ്പാർട്ട്മെന്റ്, ജനറൽ കമ്പാർട്ട്മെന്റ് എന്നിവിടങ്ങളിൽ നിരന്തര പരിശോധനയുണ്ടാകും. കൂടാതെ മഫ്തിയിലും പ്ലാറ്റ്ഫോമുകളിൽ പൊലീസ് സാന്നിദ്ധ്യം 24 മണിക്കൂറുമുണ്ടാകും.ഡ്രൈവറടക്കം 30 പേരടങ്ങുന്ന
സംഘമാണ് ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധിക്കുന്നത്. ഇതിൽ മൂന്ന് വനിതകളുമുണ്ട്. ടിക്കറ്റ് ഇല്ലാത്തവർ, അനധികൃതമായി സ്റ്റേഷനിൽ കയറുന്നവർ, മദ്യപിച്ച് യാത്ര ചെയ്യുന്നവർ, ലേഡീസ് കമ്പാർട്ട്മെന്റിലെ പുരുഷന്മാരുടെ യാത്ര തുടങ്ങി എല്ലാ കുറ്റകൃത്യങ്ങൾക്കെതിരെയും വരുംദിവസങ്ങറിൽ നടപടിയുണ്ടാകുമെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.
ഉദ്യോഗസ്ഥക്ഷാമം വെല്ലുവിളി
1.വനിതകൾക്ക് സുരക്ഷിത യാത്ര, വനിത ശാക്തീകരണം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച 'മേരി സഹേലി' പദ്ധതി വിജയം കണ്ടില്ല.
245 സംഘങ്ങളിലായി 700 വനിത ഉദ്യോഗസ്ഥരെ ദിവസേന വിന്യസിക്കുന്നുണ്ടെന്ന് റെയിൽവേ പറയുമ്പോഴും ഫലമുണ്ടായില്ല
2.ഒറ്റക്ക് യാത്ര ചെയ്യുന്ന വനിതകളുടെ സീറ്റ് വിവരങ്ങൾ ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനുകളിൽ ശേഖരിച്ച് സുരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി. എന്നാൽ തിരുവനന്തപുരം, എറണാകുളം സ്റ്റേഷനുകളിൽ മാത്രമാണ് പദ്ധതിയുള്ളത്.
3.റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്താൻ ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തതാണ് മറ്റൊരുവെല്ലുവിളി.ട്രെയിനുകളുടെ എണ്ണം കൂട്ടിയതോടെ ഇതിനാവശ്യമായ പരിശോധന ഉദ്യോഗസ്ഥരില്ല. മൂന്ന് വനിതാ പൊലീസ് മാത്രമാണ് ജില്ലയിലുള്ളത്
4.കായംകുളം റെയിൽവേ സ്റ്റേഷൻ കോട്ടയത്തിന്റെ പരിധിയിലാണെങ്കിലും ആലപ്പുഴയിലെ ഉദ്യോഗസ്ഥരാണ് പരിശോധിക്കുന്നത്.1989ലെ റെയിൽവേ ആക്ട് പ്രകാരം ലഹരിവസ്തുക്കൾ ഉപയോഗിച്ചുള്ള യാത്ര ശിക്ഷാർഹമാണെങ്കിലും ഇത് പരിശോധിക്കാൻ സംവിധാനമില്ല
പരിശോധനാസംഘം:
30 ഉദ്യോഗസ്ഥർ
പരിശോധന ശക്തമാക്കി. മദ്യപിച്ച് ട്രെയിൻ യാത്രചെയ്തവർക്കെതിരെ ഉൾപ്പടെ കേസെടുത്തിട്ടുണ്ട്. കൂടുതലും പെറ്റികേസുകളാണ്
- റെയിൽവേ പൊലീസ്, ആലപ്പുഴ