ദേശീയപാതയിൽ വാഹനം തടഞ്ഞുനിർത്തി വ്യവസായിയെ ആക്രമിച്ചു

Thursday 06 November 2025 12:29 AM IST

സുൽത്താൻ ബത്തേരി: ദേശീയപാത 766 ൽ മുത്തങ്ങയ്ക്കടുത്ത കല്ലൂർ പാലത്തിന് സമീപം ആയുധ ധാരികളായ ഒരു സംഘമാളുകൾ ചേർന്ന് വ്യവസായിയെ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചു. കോഴിക്കോട് കാരാപ്പറമ്പ് പെൻഡിയത്ത് സി.എസ്.സന്തോഷ്‌കുമാർ (53)കാർ ഡ്രൈവർ ബാലുശ്ശേരി സ്വദേശി ജിനേഷ് (38) എന്നിവരെയാണ് വാഹനം തടഞ്ഞുവച്ച് ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതേമുക്കാലോടുകൂടിയാണ് സംഭവം. ബാലുശ്ശേരിയിൽ അലൂമിനിയം ഫ്രാബ്രിക്കേഷൻ കട നടത്തിവരുന്ന സന്തോഷ് ബിസിനസ് ആവശ്യാർത്ഥം ബംഗളുരുവിൽ പോയി തിരികെ വരികയായിരുന്നു. കല്ലൂർ പാലത്തിന് സമീപമെത്തിയപ്പോൾ പിറകെ വരുകയായിരുന്ന രണ്ട് കാറുകൾ മുന്നിൽ കയറി റോഡിന് കുറുകെയിട്ട് വാഹനം തടഞ്ഞ് എട്ടോളം വരുന്ന സംഘം സന്തോഷിനെയും ഡ്രൈവറെയും പിടിച്ച് പുറത്തിറക്കുകയും മർദ്ദിക്കുകയുമായിരുന്നു .സംഘം വാഹനത്തിലുണ്ടായിരുന്ന ലാപ്പ് ടോപ്പ് ,മൊബൈൽ ഫോൺ, ബാഗ് എന്നിവ കൈക്കലാക്കി. ചുറ്റിക ഉപയോഗിച്ച്വി ൻഡോ ഗ്ലാസ് അടിച്ചുതകർത്തു.സംഘം വന്ന കാറിലേയ്ക്ക് ഇരുവരെയും വലിച്ചുകയറ്റാൻ ശ്രമിച്ചപ്പോൾ നിലത്തുകിടന്ന് പ്രതിരോധിച്ചു. ഈ സമയം അതുവഴി ഒരു ഒരു ഗുഡ്സ് വാഹനം കടന്നുവന്നതോടെ അക്രമി സംഘം ഇവർ സഞ്ചരിച്ച കാറുമായി പോവുകയായിരുന്നു. കാർ പിന്നീട് പുൽപ്പള്ളി മുള്ളൻകൊല്ലിക്കടുത്ത തറപ്പത്ത് കവലയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുഴൽപ്പണ വേട്ട നടത്തുന്ന സംഘമാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഇവർക്ക് വാഹനം മാറിപ്പോയതാണെന്നും സംശയമുണ്ട്. സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. ഫോറൻസിക് സംഘം വാഹനത്തിൽ നിന്ന് വിരലടയാളമടക്കമുള്ള തെളിവുകൾ ശേഖരിച്ചു.