അദ്ധ്യക്ഷ സംവരണത്തിൽ ആലപ്പുഴയിൽ പെൺതിളക്കം

Thursday 06 November 2025 1:30 AM IST

ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ സ്ഥാനങ്ങളുടെ സംവരണ പട്ടിക പുറത്ത് വന്നപ്പോൾ ആലപ്പുഴ നഗരസഭയടക്കം ജനറൽ സീറ്റെന്ന് പ്രതീക്ഷിച്ചിരുന്ന കസേരകൾ സ്ത്രീകൾക്ക് ലഭിച്ചു. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം ജനറൽ വിഭാഗത്തിനാണ്. ആലപ്പുഴ, മാവേലിക്കര, ഹരിപ്പാട് നഗരസഭകളിൽ ചെയർപേഴ്സൺമാരെത്തും. നഗരസഭകളിൽ കായംകുളത്തിന് പട്ടികജാതി സംവരണമാണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ ഭരണിക്കാവിലും, ഗ്രാമപഞ്ചായത്തുകളിൽ വയലാർ, പാണ്ടനാട്, വീയപുരം, മുതുകുളം എന്നിവിടങ്ങളിലും പട്ടികജാതി വനിതയ്ക്കാണ് അദ്ധ്യക്ഷ പദവി. ഇവ കൂടാതെ 32 ഗ്രാമപഞ്ചായത്തുകളിൽ കൂടി വനിതകൾ പ്രസിഡന്റുമാരാകും.

നഗരസഭ

പട്ടികജാതി: കായംകുളം

സ്ത്രീ : ആലപ്പുഴ, മാവേലിക്കര, ഹരിപ്പാട്

ബ്ലോക്ക് പഞ്ചായത്ത്

പട്ടികജാതി സ്ത്രീ: ഭരണിക്കാവ്

സ്ത്രീ: തൈക്കാട്ടുശേരി, ആര്യാട്, വെളിയനാട്, ചെങ്ങന്നൂർ

ഗ്രാമപഞ്ചായത്ത്

പട്ടികജാതി സത്രീ: വയലാർ, പാണ്ടനാട്, വീയപുരം, മുതുകുളം

പട്ടിക ജാതി : പട്ടണക്കാട്, ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക്

സ്ത്രീ: അരൂക്കുറ്റി, ചേന്നം - പള്ളിപ്പുറം , തൈക്കാട്ടുശ്ശേരി, എഴുപുന്ന, കോടംതുരുത്ത്, കടക്കരപ്പള്ളി, ആര്യാട്, മണ്ണഞ്ചേരി, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട്, എടത്വ, കൈനകരി, തകഴി, ചെറിയനാട്, ആല, പുലിയൂർ, തിരുവൻവണ്ടൂർ, മുളക്കുഴ, തൃക്കുന്നപ്പുഴ, കരുവാറ്റ, മാവേലിക്കര തെക്കേക്കര, ചെട്ടികുളങ്ങര, തഴക്കര, ചുനക്കര, പാലമേൽ, മാവേലിക്കര താമരക്കുളം, ചേപ്പാട്, ആറാട്ടുപുഴ, കൃഷ്ണപുരം, ദേവികുളങ്ങര.

സീറ്റ് ചർച്ചകൾ അവസാനഘട്ടത്തിൽ

അദ്ധ്യക്ഷ കസേര സ്വപ്നം കണ്ട് കുപ്പായം തയ്പ്പിച്ച പുരുഷ നേതാക്കളിൽ പലരും സംവരണ പട്ടിക പുറത്തുവന്നതോടെ നിരാശരാണ്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സീറ്റ് ചർച്ചകൾ മൂന്ന് മുന്നണികളിലും ഏറെക്കുറെ അവസാനഘട്ടത്തിലാണ്. അദ്ധ്യക്ഷ പദവി ലക്ഷ്യംവച്ച് വിജയസാധ്യതയുള്ള സീറ്റുകളിൽ വനിതകളെയും പട്ടികജാതി വിഭാഗക്കാരെയും മത്സരിപ്പിക്കേണ്ടതുണ്ട്. ഭരണം ലഭിക്കുകയും, അർഹതപ്പെട്ട സംവരണവിഭാഗക്കാരില്ലാതിരിക്കുകയും ചെയ്താൽ അത് ഭരണപരമായ പ്രതിസന്ധിയിലേക്ക് നയിക്കും.