തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ടി.വി.കെ
ചെന്നൈ: അടുത്ത വർഷം നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റൊരു പാർട്ടികളുമായും സഖ്യമില്ലാതെ ടി.വി.കെ ഒറ്റയ്ക്കു മത്സരിക്കും. പാർട്ടി നേതാവും ചലച്ചിത്ര താരവുമായ വിജയ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി. ഇന്നലെ മഹാബലിപുരത്ത് നടന്ന പാർട്ടി ജനറൽ കൗൺസിലിലാണ് തീരുമാനം. വിജയ് ആണ് പാർട്ടി നയം പ്രഖ്യാപിച്ചത്.
വിജയ്‌യെ എൻ.ഡി.എയിൽ എത്തിക്കാൻ അണ്ണാ ഡി.എം.കെ ശ്രമിക്കുന്നതിനിടെയാണ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന ടി.വി.കെയുടെ പ്രഖ്യാപനം.
സെപ്തംബർ 27ന് നടന്ന കരൂർ ദുരന്തത്തിനുശേഷം ആദ്യമായാണ് വിജയ് പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നത്. 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ടി.വി.കെയും ഡി.എം.കെയും തമ്മിലുള്ള നേരിട്ടുള്ള മത്സരമായിരിക്കുമെന്ന് വിജയ് പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരം മുഖ്യമന്ത്രിക്കറിയാമോ. അറിയില്ലെങ്കിൽ, 2026ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം അതറിയും. ജനവിധി അംഗീകരിക്കാനുള്ള പ്രസംഗവും മുഖ്യമന്ത്രിക്ക് തയ്യാറാക്കി വയ്ക്കാം.
തന്റെ പാർട്ടിയുടെ റാലികൾക്ക് അന്യായമായ നിയന്ത്രണങ്ങൾ ഡി.എം.കെ സർക്കാർ ഏർപ്പെടുത്തി. അനുമതി ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നു. സങ്കുചിത ചിന്താഗതിയുള്ള നമ്മുടെ മുഖ്യമന്ത്രിയോട് എനിക്ക് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. പരമോന്നത കോടതി നടത്തിയ നിരീക്ഷണങ്ങൾ മുഖ്യമന്ത്രി മറന്നുപോയോ എന്നും വിജയ് ചോദിച്ചു.
കരൂർ സംഭവത്തിൽ വേദന
കരൂരിൽ ടി.വി.കെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് വിജയ് പാർട്ടി യോഗത്തിൽ സംസാരിച്ച് തുടങ്ങിയത്. കരൂരിൽ തിക്കിലും തിരക്കിലുംപെട്ട് നമ്മുടെ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടതിൽ ഞങ്ങൾ പറഞ്ഞറിയിക്കാനാവാത്ത വേദനയിലാണ്. ഞങ്ങൾക്കെതിരെ ഒരുപാട് തെറ്റായ വിവരങ്ങളും അപവാദപ്രചാരണങ്ങളും ഉണ്ടായി. സത്യവും നിയമവും കൊണ്ട് നമ്മൾ എല്ലാം നേടിയെടുക്കുമെന്നും വിജയ് പറഞ്ഞു.